Advertisement

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും

May 28, 2022
Google News 1 minute Read
thrikakkara bypol campaign ends tomorrow

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും.

വിവിധ വിഷയങ്ങളിൽ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേ സമയം  പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികൾക്ക്. ഇടത് വോട്ടുകൾക്കൊപ്പം കാലകാലങ്ങളായി കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുകൾ ഭിന്നിപ്പിക്കുക, മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുക, ട്വൻ്റി ട്വൻ്റി വോട്ടുകളിൽ ഒരു വിഭാഗം കൈക്കലാക്കുക തുടങ്ങിയവയാണ് ഇടത് തന്ത്രം. ഇതുറപ്പിക്കാനുള്ള അവസാന വട്ട പരിശ്രമത്തിലാണ് മുന്നണി.ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ അടക്കമുള്ള നേതാക്കളും വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, ആൻ്റണി രാജു ഉൾപ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകും.

യുഡിഎഫിനായി കോൺഗ്രസ് നേതൃത്വം ഒന്നാകെ തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. അഭിമാന പോരാട്ടത്തിൽ 5000 മോ അതിൽ താഴെയോ വോട്ടിൻ്റെ ഭൂരിപക്ഷം ഉമ തോമസിന് ലഭിച്ചാൽ അത് ജയമായി പോലും കണക്കാക്കാനാകില്ലെന്ന വ്യക്തമാക്കിയുള്ള കണിശമായ പ്രവർത്തനത്തിലാണ് യുഡിഎഫ് ക്യാമ്പ്. വീടു കയറി ഓരോ വോട്ടും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഇതിനായി മുതിർന്ന നേതാക്കൾ ഉൾപ്പടെ കളത്തിലുണ്ട്.

എൻഡിഎക്കായി താര പ്രചാകരെത്തും. എ.എൻ രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് 12 കേന്ദ്രങ്ങളിൽ ഇന്ന് സുരേഷ് ഗോപി പ്രസംഗിക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും മണ്ഡലത്തിലെത്തും. വൈകുന്നേരത്തോടെ മണ്ഡലത്തിലെത്തുന്ന വിവാദ നായകൻ പി.സി.ജോർജ് നയിക്കുന്ന റോഡ് ഷോ നാളെ തൃക്കാക്കരയെ ഇളക്കി മറിക്കുമെന്ന് എൻഡിഎ ക്യാമ്പ് കണക്ക് കൂട്ടുന്നു. ഒപ്പം അവസാന വട്ട കൂട്ടലും കിഴിക്കലുമായി കെ.സുരേന്ദ്രനും, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും മണ്ഡലത്തിൽ സജീവമാണ്.

മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.

Story Highlights: thrikakkara bypol campaign ends tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here