വീണ്ടും കള്ളവോട്ട് ആരോപണം; വിദേശത്തുള്ളയാളുടെ വോട്ട് രേഖപ്പെടുത്തിയെന്ന് യുഡിഎഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വീണ്ടും കള്ളവോട്ട് ആരോപണവുമായി യുഡി എഫ്. ഇടപ്പള്ളി ഗവ. ഹയർസെക്കഡൻറി സ്‌കൂളിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. വിദേശത്തുള്ളയാളുടെ വോട്ട് രേഖപ്പെടുത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലല്ലോ. അപ്പോൾ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പോളിംഗ് 75 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷ. പിറ്റി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും. ഫൈനൽ പോളിംഗും താഴേത്തട്ടിലെ റിപ്പോർട്ടുംകൂടി കിട്ടിക്കഴിഞ്ഞാൽ ഏകദേശം എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ കള്ളവോട്ട് നടന്നത് അറിഞ്ഞിട്ടില്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചിരുന്നു. കള്ളവോട്ട് ചെയ്ത ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാര്‍ കൂടുതലായെത്തിയത് എൽ ഡി എഫിന് അനുകൂലമാകും.കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായെന്നും ഒരു വോട്ടും ചോരില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.
Read Also: തൃക്കാക്കരയിൽ 68.64 ശതമാനം പോളിംഗ്; വിജയപ്രതീക്ഷയിൽ മുന്നണികൾ
നേരത്തെ തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാൾ പൊലീസിന്‍റെ പിടിയിലായിരുന്നു. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights: Voter fraud again thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here