Advertisement

സംഗീതം അഭ്യസിക്കാതെ ചക്രവര്‍ത്തിയായ ഗായകന്‍; മുഹമ്മദ് റാഫിക്കും കിഷോര്‍ കുമാറിനും പിന്മുറക്കാരായ ‘കെ കെ’

June 1, 2022
Google News 3 minutes Read
singer without studying music

ജീവിതത്തില്‍ യാതൊരു സംഗീതവും പ്രൊഫഷണലി പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്‍.റഹ്മാന്‍ കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റെയും ആര്‍ഡി ബര്‍മന്റെയും കടുത്ത ആരാധകന്‍ കൂടിയായിരുന്നു കെകെ ( singer without studying music ).

തു ഹീ മേരി ശബ് ഹെ സുഭാ ഹെ, 2007ല്‍ ഈ ഗാനം ഇന്ത്യയൊട്ടാകെ അലയൊലികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയായിരുന്നുവെന്ന് പല മലയാളികള്‍ക്കും അറിയില്ലായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെ ആയിരുന്നു ആ ഗായകന്‍. പക്ഷേ അതിന് മുമ്പേ തന്നെ ബോളിവുഡ് ആ മധുര ശബ്ദത്തില്‍ വീണുപോയിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബോളിവുഡിന്റെ പ്രണയവും വിരഹവുമെല്ലാം ആ ശബ്ദമായിരുന്നു.

മുഹമ്മദ് റാഫിക്കും കിഷോര്‍ കുമാറിനും ശേഷം ആര് എന്ന് ബോളിവുഡ് ചോദിച്ചപ്പോള്‍ യുവാക്കള്‍ ഏറ്റെടുത്തതായിരുന്നു കെകെയുടെ ശബ്ദം. അത്രയേറെ ഹൃദ്യമായ ഗാനങ്ങളായിരുന്നു കെ.കെ ബോളിവുഡിന് സമ്മാനിച്ചത്.

മലയാളി ദമ്പതികളായ സി.എസ്.മേനോന്റെയും കനകവല്ലിയുടെയും മകനായിട്ടായിരുന്നു കെ.കെയുടെ ജനനം. ദില്ലിയിലാണ് വളര്‍ന്നതും പഠിച്ചതും. ബോളിവുഡിലേക്കുള്ള കെ.കെയുടെ വരവ് അത്ര എളുപ്പമായിരുന്നില്ല. 3500 ജിംഗിള്‍സുകള്‍ പാടിയ ശേഷമായിരുന്നു കെ.കെ ബോളിവുഡില്‍ പാടാന്‍ എത്തിയത്. 1999ലെ ക്രിക്കറ്റ് ലോകകപ്പില്‍ ജോഷ് ഓഫ് ദ ഇന്ത്യ എന്ന ഗാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കെ.കെ ആലപിച്ചിരുന്നു.

Read Also: മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു

കുട്ടിക്കാലത്തെ പ്രണയിനി ജ്യോതിയെ 1991ല്‍ അദ്ദേഹം വിവാഹം ചെയ്തു. മകന്‍ നകുല്‍ കൃഷ്ണയും പിതാവിനെ പോലെ പാട്ടിന്റെ വഴിയേയാണ്. റഹ്മാന്റെ തന്നെ കാതല്‍ ദേശത്ത് സ്ട്രോബറി കണ്ണൈ എന്ന ഗാനവും അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ ഇതൊക്കെ വലിയൊരു സുനാമി വരുന്നതിന് മുമ്പുള്ള സാമ്പിളുകള്‍ മാത്രമായിരുന്നു. ബോളിവുഡില്‍ ഹം ദില്‍ കെ ചുകെ സനമിലെ തഡപ്പ് തഡപ്പ് എന്ന ഗാനം പാടിയതോടെ യുവാക്കളുടെ നഷ്ടപ്രണയത്തിന്റെ സ്വരമായി അത് മാറുകയായിരുന്നു.

പിന്നീടങ്ങോട്ട് പല ഭാഷകളിലായി അദ്ദേഹത്തിന്റെ കാലമായിരുന്നു. ദേവദാസിലെ ഡോലാ രെ, മാര്‍ ഡാലാ എന്നിവയൊക്കെ കെ.കെയെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ഇമ്രാന്‍ ഹാഷ്മിയുടെ ശബ്ദമായി തന്നെ കെ.കെ അറിയപ്പെട്ടിരുന്നു. സോണിയെ, തു ഹി മേരി ശബ് ഹെ, തുടങ്ങിയ ഗാനങ്ങള്‍ ഇന്നും കേള്‍ക്കാത്തവര്‍ കുറവാണ്.

ആഷിഖ് ബനായാ അപ്നെയിലെ ദില്‍നഷി, ഗരം മസാലയിലെ ദില്‍ സമന്തര്‍, സെഹറിലെ എയ് ബേകബര്‍, കില്ലറിലെ തേരി യാദോ മേം, ബച്ച്നാ എ ഹസീനോയിലെ കുദാ ഹോം ജാനേ, അതില്‍ ചിലതാണ്. ഗില്ലിയിലെ അപ്പഡി പോഡ് ഒക്കെ എക്കാലത്തെയും വലിയ ഹിറ്റാണ്. കൊല്‍ക്കത്തയിലെ സംഗീത പരിപാടിക്കിടെ കെ.കെ വിടപറയുമ്പോള്‍ ബോളിവുഡില്‍ ആ ലെഗസി ഏറ്റെടുക്കാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

Story Highlights: Emperor singer without studying music; ‘KK’, descendants of Mohammad Rafi and Kishore Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here