Advertisement

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്

June 11, 2022
Google News 2 minutes Read
Case against Swapna Suresh lawyer

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ( Case against Swapna Suresh lawyer ).

തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വി.ആര്‍.അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നല്‍കുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. ‘കെഎസ്ആര്‍ടിസി ബസില്‍ കേരള സര്‍ക്കാര്‍ കൊണ്ടോട്ടിയില്‍ നിന്ന് കാബൂളിലേക്ക് സര്‍വിസ് നടത്തുന്നു’ എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച്.അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിദ്വേഷ പ്രചരണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ യൂണിഫോമായ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാല്‍, ഫോട്ടോയുടെ ബ്രൈറ്റ്‌നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം.

ഡ്രൈവര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോര്‍ത്തും വിരിച്ചിരുന്നു. ഇത് കുര്‍ത്തയാണെന്ന തരത്തിലായിരുന്നു കൃഷ്ണരാജും സംഘ്പരിവാര്‍ നേതാക്കള്‍ അടക്കമുള്ളവരും വ്യാഖ്യാനിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ യൂണിഫോമിന്റെ സര്‍ക്കുലറില്‍ ആകാശനീല ഷര്‍ട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുള്‍ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാല്‍, അഷ്‌റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ‘താലിബാനി’ എന്നടകം ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ ജീവനക്കാരന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച്.അഷറഫ്, എ.റ്റി. കെ 181 ആം നമ്പര്‍ ബസില്‍ മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി.എച്ച്.അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here