നിധി തേടിയതെന്ന് സംശയം; കാടിനുള്ളിലെ കിണറ്റില്‍ നിന്ന് അജ്ഞാതര്‍ മാറ്റിയത് ലോഡ് കണക്കിന് മണ്ണ്

കോഴിക്കോട് ജാനകി കാട്ടില്‍ കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍ നിധിയുണ്ടെന്ന് കരുതി അജ്ഞാതര്‍ മണ്ണ് നീക്കം ചെയ്തതാണോ എന്ന് സംശയം. വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (Suspicion of treasure hunt soil remove from well in janakikkad)
മരുതോങ്കര പഞ്ചായത്തിലെ വനം വകുപ്പ് ഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിലെ മണ്ണും ചെളിയുമാണ് രണ്ട് ദിവസം മുമ്പ് അജ്ഞാതര്‍ നീക്കം ചെയ്തത്. പുരാതന ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറാണിത്. വനത്തിനുള്ളില്‍ ലോഡ് കണക്കിന് മണ്ണും ചെളിയും നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് തന്നെ പണി ആയുധങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ സംഭവം നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായി. കാരണം വേറൊന്നുമല്ല, സമീപത്തെ ക്ഷേത്രത്തില്‍ പല തവണ സ്വര്‍ണ്ണ പ്രശ്‌നം നടത്തിയപ്പോള്‍ കിണറില്‍ നിധി ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നിധി തേടി ആരെങ്കിലും കിണറിലെ മണ്ണ് നീക്കം ചെയ്തതാണോ എന്നാണ് നാട്ടുകാരുടെ സംശയം. വനം വകുപ്പിനും ഇതേ സംശയമാണ്. മൂന്നിലധികം പേര്‍ അഞ്ച് ദിവസത്തിലധികം കഠിന പ്രയത്‌നം ചെയ്‌തെങ്കില്‍ മാത്രമെ കിണറിലെ മണ്ണ് നീക്കാന്‍ പറ്റുകയുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലങ്ങളിലാണ് മണ്ണ് നീക്കം ചെയ്തതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
Read Also: പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ
വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 323 ഏക്കറിലേറെ വരുന്ന സ്ഥലം വനം വകുപ്പിന്റെയും വനം സംരക്ഷണ സമിതിയുടെയും കീഴിലാണ്. അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തില്‍ കടക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കിണര്‍ വൃത്തിയാക്കിയവര്‍ക്ക് ഇനി നിധിയെന്തെങ്കിലും കിട്ടിയിട്ടുണ്ടാകുമോ എന്ന സംശയിക്കുന്നവരും നാട്ടിലുണ്ട്.
Story Highlights: Suspicion of treasure hunt soil remove from well in janakikkad