Advertisement

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

June 23, 2022
Google News 1 minute Read
balussery manhandling 29 arrested

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചുവെന്നും ജാതി പേര് പറഞ്ഞു അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. രാഷ്ടീയ വിരോധം കാരണമാണ് ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്. ( balussery manhandling case against 29 )

30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ കുറെ കാലമായി എസ്ഡിപിഐ മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോൾ ക്രൂരമായി മർദിക്കുകയായിരുന്നു. വെള്ളത്തിൽ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവിൽ കഴുത്തിൽ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.

പാഷൻ പ്ലസ് ബൈക്കിലെത്തിയ രണ്ട് പേരാണ് വടിവാളുമായി വന്നത്. അത് കഴുത്തിൽ വാൾ വച്ചിട്ട് അവർ പറയുന്നത് പോലെ പറയാൻ ആശ്യപ്പെടുകയായിരുന്നു. സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗങ്ങളും പറഞ്ഞിട്ട് അവരുടെ ഫ്‌ലക്‌സുകളും കൊടി തോരണങ്ങളും കീറിയെന്ന് പറയാൻ ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് തന്റെ പിറന്നാളാണ്. ഒരു ചെറിയ കേക്ക് മുറിക്കൽ ഉണ്ടായിരുന്നു. അത് ആഘോഷിക്കുന്നതിനായി സുഹൃത്തിനെ വിളിക്കാൻ അവന്റെ വീട്ടിൽ പോയതാണ്. അവനെ തിരിച്ചു കൊണ്ടാക്കാണമെന്നും പറഞ്ഞിരുന്നു. ഇതിനായി അവനെ വിളിക്കാൻ പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. എസ്ഡിപിഐയുടെ ഗുണ്ടാ സംഘമായിട്ടുള്ള മുസ്ലിം ലീഗുകാരും സംഘത്തിൽ ഉണ്ടായിരുന്നു. വണ്ടിയിലെ ഇന്ധനം തീർന്നു എന്ന് പറഞ്ഞ് തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അതിൽ രണ്ടുപേരെ കാര്യമായി തന്നെ മർദിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ കൊടിമരമോ കൊടിയോ എന്തോ നഷ്ടപ്പെട്ടിരുന്നു. അത് താനാണ് ചെയ്തത് എന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു തന്നെ വെള്ളത്തിൽ മുക്കിയതെന്നും ജിഷ്ണു പറഞ്ഞു.

കോഴിക്കോട് ബാലുശേരി കോട്ടൂർ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചത്. തുടർന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽ എസ്ഡിപിഐ ലീഗ് പ്രവർത്തകരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഒന്നരയോടെ കോട്ടൂർ പാലോളിയിൽ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാൻ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മർദനം. എസ്ഡിപിഐ പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ച് ജിഷ്ണുവിനെ അവശനാക്കുകയായിരുന്നു. മർദനത്തിന് ശേഷം ജിഷ്ണുവിന്റെ ഒരു വിഡിയോയും ഈ അക്രമികൾ ചിത്രീകരിച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികൾ ചിത്രീകരിച്ചിരിക്കുന്നത്. ഫ്‌ലക്‌സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്.

സംഭവ സ്ഥലത്ത് ഉടൻ തന്നെ പൊലീസ് എത്തിയാണ് ജിഷ്ണുവിനെ അവിടെ നിന്ന് മാറ്റുന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജിഷ്ണുവിനെ മർദനമേറ്റതറിഞ്ഞാണ് പൊലീസ് പ്രദേശത്തെത്തുന്നത്. എന്നാൽ പൊലീസ് എത്തുന്നതിനിടയിൽ തന്നെ അതിക്രൂരമായ മർദനം ജിഷ്ണുവിനേറ്റിരുന്നു. ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ബാലുശേരി പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തി. ഫ്‌ലക്‌സ്് കീറി എന്നാരോപിച്ച് ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: balussery manhandling case against 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here