സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മൊഴി നൽകുന്നത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വപ്നയെ കൂടാതെ പിസി ജോർജും കേസിലെ പ്രതിയാണ്. (swapna suresh saritha nair)
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കേസ്.സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച കെടി ജലീലാണ് പരാതിക്കാരൻ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇന്നലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
Read Also: സ്വർണക്കടത്ത് കേസിൽ സ്വപ്നയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ നാളെയും തുടരും
രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിയുടെ മുന്നിൽ ഹാജരായത്. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്ന ഇഡിയുടെ ഓഫീസിലെത്തിയത്. സ്വപ്ന കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തൻറെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് കൊണ്ടാണ് ഇന്ന് നേരത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്ന് സ്വപ്ന പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ഇ ഡി ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു.ഈ മൊഴി കൂടി ലഭിച്ചാൽ സ്വപ്നയുടെ പുതിയ മൊഴിയുമായി ആയി ഇവ താരതമ്യപ്പെടുത്തിയാവും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ.
Story Highlights: swapna suresh case saritha s nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here