പരിമിതികൾക്കുള്ളിൽ നിന്ന് പ്ലസ് ടുവിന് മികച്ച വിജയം; മധുബാലക്ക് തുടർ പഠനത്തിനു സഹായം: ട്വന്റിഫോർ ഇംപാക്ട്

ഒറ്റമുറിക്കൂരയിൽ നിന്ന് ഏറെ പരിമിതിക്കുളളിൽ നിന്ന് പഠിച്ച് പ്ലസ് ടുവിന് മികച്ച വിജയം നേടിയ പാലക്കാട് പല്ലാവൂർ സ്വദേശിനി മധുബാലക്ക് ട്വന്റിഫോർ വാർത്തയെതുടർന്ന് സഹായം. പഠനത്തിന് ഒരു ലക്ഷം രൂപ പ്രവാസി വ്യവസായി എൻബി പ്രശാന്തൻ കൈമാറി. മധുബാലക്കായി വീട് നിർമ്മിക്കുമ്പോഴും സഹായമെത്തിക്കുമെന്ന് പ്രശാന്തൻ അറിയിച്ചു. ട്വന്റിഫോർ ഇംപാക്ട്. (madhubala plus two victory twentyfour)
പ്ലസ് ടു പരീക്ഷയിൽ ഏറ്റവും മികച്ച വിജയം നേടി നിൽക്കുമ്പോഴും മധുബാലയുടെ മുന്നിലെ വലിയ ആശങ്ക സ്വന്തം വീടിനെക്കുറിച്ചായിരുന്നു. യാതൊരു സുരക്ഷിതത്വവുമില്ലാത്ത വീട്ടിൽ എങ്ങനെ തുടരുമെന്ന ആശങ്കയിലായിരുന്നു ഈ 18കാരി. 24 വാർത്ത ഫലം കണ്ടപ്പോൾ നിരവധി പേരാണ് മധുബാലക്ക് സഹായവും അഭിനന്ദനവും ഒക്കെയായി രംഗത്തെത്തിയത്. പോപ്പുലർ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി എൻബി പ്രശാന്തൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഒരു ലക്ഷം രൂപ മധുബാലക്ക് കൈമാറി. പുതിയ വീടുവെക്കുമ്പോൾ തന്റെ സഹായവും ഉണ്ടാകുമെന്നും പ്രശാന്തൻ അറിയിച്ചു. അപ്രതീക്ഷിതസഹായങ്ങൾ നൽകി അത്ഭുതപ്പെടുത്തിയവർക്ക് മധുബാല ഹൃദയംതൊട്ടുളള നന്ദി അറിയിച്ചു.
കഷ്ടിച്ച് രണ്ടാൾക്ക് പോലും നിന്ന് തിരിയാനാകാത്ത കൂരയിൽ നിന്നാണ് മധുബാലയെന്ന മിടുക്കി പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത്. ഇഴജന്തുക്കളുടെ ശല്യത്തെ പേടിച്ചാണ് ഓരോ നിമിഷവും ഇവർ കഴിയുന്നത്. നന്നായി പഠിച്ച് ഭാവിയിൽ കളക്ടറാകണമെന്നതാണ് മധുബാലയുടെ ആഗ്രഹം. അതിനും മുൻപ് ധൈര്യത്തോടെ ഇരുന്ന് പഠിക്കാൻ ഒരു വീട് വേണം. സാധ്യമാകുന്നവർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Story Highlights: madhubala plus two victory twentyfour admin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here