‘അവൾ എനിക്ക് കൂടെ പിറക്കാത്ത സഹോദരി പോലെയായിരുന്നു; മരണവാർത്ത ആദ്യം വിശ്വസിച്ചില്ല’; മനോജ് കെ ജയൻ

കൽപനയ്ക്ക് എന്നും ഒരു അനുജനെ പോലെ ആയിരുന്നു മനോജ് കെ ജയൻ. സഹോജദരിയും നടിയുമായ ഉർവശിയെ വിവാഹം കഴിച്ചതോടെയാണ് മനോജ് കെ ജയൻ ആ കുടുംബത്തിലേക്ക് എത്തുന്നത്. പക്ഷേ മനോജിനെ സ്വന്തം കുടുംബാംഗം എന്ന നിലയിലാണ് അവരും പരിഗണിച്ചത്. വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ഇന്നും ഉർവശിയുടെ കുടുംബവുമായി മനോജ് കെ ജയന് നല്ല ബന്ധമാണ് ഉള്ളതെന്ന് താരം പറഞ്ഞു. ( manoj k jayan about kalpana )
‘കൽപന എന്റെ കൂടെ പിറക്കാത്ത സഹോദരിയാണ്. എന്റെ സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം കൂടെ നിന്ന വ്യക്തിയാണ്. ഇത്ര നേരത്തെ പോകേണ്ട വ്യക്തിയല്ല കൽപന. അത്ര ചെറുപ്പമല്ലേ ? ബംഗളൂരുവിൽ ഒരു ചടങ്ങിന് പോയപ്പോഴാണ് കൽപനയുടെ മരണവാർത്ത അറിയുന്നത്. ആദ്യം വിശ്വസിച്ചില്ല. പിന്നീട് വെള്ളത്തുണിയിൽ പൊതിഞ്ഞ കൽപനയുടെ ചിത്രം ആരോ അയച്ച് നൽകി. അന്ന് തകർന്ന് പോയി. എന്റെ മകളെ പോലെ തന്നെയാണ് കൽപനയുടെ മകൾ ശ്രീമയി എന്ന ചിഞ്ചിയെയും ഞാൻ കണ്ടിരുന്നത്. എന്റെ കുഞ്ഞാറ്റയ്ക്ക് ഒരു ഉടുപ്പ് ഞാൻ വാങ്ങിയാൽ ചിഞ്ചിക്കും വാങ്ങും. കലാരഞ്ജിനിയുടെ മകൻ അമ്പോറ്റിയേയും അങ്ങനെ തന്നെയാണ് കാണുന്നത്. ഇന്നും ആ കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ട്. അമ്മയെ ഇപ്പോഴും ഞാൻ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ ഭാര്യ ആശയും വിളിക്കാറുണ്ട്’- മനോജ് കെ ജയൻ പറയുന്നു.
2000 മെയ് 2 ന് ആയിരുന്നു ഉർവശിയും മനോജ് കെ ജയനും തമ്മിൽ വിവാഹിതരാകുന്നത്. ഇരുവരും പിന്നീട് വിവാഹ ബന്ധം വേർപെടുത്തി. മാർച്ച് 2, 2011 ന് മനോജ് കെ ജയൻ ആശയെ വിവാഹം കഴിച്ചു.
Story Highlights: manoj k jayan about kalpana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here