Advertisement

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം; പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 15, 2022
Google News 2 minutes Read
kochi actress attack case crucial day

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്റെ പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ( kochi actress attack case crucial day )

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഹർജിയിലെ ആവശ്യം. മാത്രവുമല്ലാ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ക്രൈംബ്രാഞ്ച് ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഫോറൻസിക് ലാബിന്റെ റിപ്പോർട്ടനുസരിച്ച് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു 3 തവണ മാറിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതി, ജില്ലാ കോടതി വിചാരണക്കോടതി എന്നീ വിടങ്ങളിൽ വച്ചായിരുന്നു മെമ്മറി കാർഡ് അനധികൃതമായി തുറക്കപ്പെട്ടത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കും.

നടിയെ ആക്രമിച്ച കേസിലെ പ്രധാനതെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയ സംഭവം ഏറെ ഗൗരവകരവും തുടരന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്നതാണ്. അതേസമയം കേസിൽ അതിജീവിതം നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകരെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറാകുന്നില്ലെന്നും തുടർ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് കുറ്റപത്രം നൽകാൻ നീക്കം ഉണ്ടെന്നും അന്വേഷണത്തിനു ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും കാണിച്ചാണ് ഹർജി.

Story Highlights: kochi actress attack case crucial day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here