കെഎൽ രാഹുലിനു കൊവിഡ്; വിൻഡീസിനെതിരായ ടി-20യിൽ കളിക്കില്ല

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനു കൊവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെയാണ് രാഹുലിനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ താരം കളിച്ചേക്കില്ലെന്നാണ് സൂചന. പരുക്കേറ്റതിനെ തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കാനായാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. രാഹുലിൻ്റെ തിരിച്ചുവരവായിരുന്നു വിൻഡീസിനെതിരായ ടി-20 പരമ്പര. (rahul covid jadeja injury)
അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്. കാൽമുട്ടിനു പരുക്കേറ്റ ജഡേജ പുറത്തിരുന്നേക്കുമെന്നാണ് വിവരം. പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് ജഡേജ. ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ജഡേജയ്ക്ക് നിസാര പരുക്കാണ് ഉള്ളതെന്നും പരമ്പരയിൽ കളിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും ധവാൻ പറഞ്ഞു.
Read Also: ഇന്ത്യ- വിൻഡീസ് പര്യടനം നാളെ മുതൽ; സഞ്ജുവിന്റെ സാധ്യതകൾ വിരളം
ഇന്നാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെ പര്യടനം ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.
ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.
Story Highlights: kl rahul covid jadeja injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here