ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു

ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. അതേസമയം, മന്ത്രി സഭാ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി. (om birla shiv sena)
ശിവസേനയുടെ സഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജൻ വിചാരെയും മാറ്റിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരെയാണ് താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും തന്നെയാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെയും വിപ്പായി ഭാവന ഗവാലിയെയും നിയമിച്ച തീരുമാനം റദ്ദാക്കണം എന്നും പഴയത് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹർജി. ഷിൻഡെ വിഭാഗത്തെക്ക് മാറിയ 12 എംപിമാർ ജൂലൈ 19 ന് നൽകിയ കത്തിന്റ അടിസ്ഥാനത്തിലാണ് സ്പീക്കർ നിയമനം നടത്തിയത്.
Read Also: ബംഗാൾ അധ്യാപക അഴിമതിക്കേസ്: അർപിത ചാറ്റർജിയുടെ ഫ്ലാറ്റിൽ ഇഡി റെയ്ഡ്, 20 കോടി പിടിച്ചെടുത്തു
സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ സ്പീക്കർ പാലിച്ചില്ലെന്ന് ഹർജിയിൽ താക്കറെ പക്ഷം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് ഡൽഹിയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തും. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം പൂർത്തിയാകാറാകുമ്പോഴും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അടങ്ങുന്ന രണ്ടംഗ മന്ത്രിസഭ മാത്രമാണ് മഹാരാഷ്ട്രയിൽ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകിയ ബിജെപി, സുപ്രധാന വകുപ്പുകളിൽ അവകാശവാദം ഉന്നയിക്കുമ്പോൾ, താക്കറെ പക്ഷത്തു നിന്നും തന്നോടൊപ്പം എത്തിയ നേതാക്കൾക്ക് വാഗ്ദാനം ചെയ്ത പദവികൾ നൽകാനാകുന്നില്ല എന്നതാണ് ഷിൻഡെ നേരിടുന്ന പ്രതിസന്ധി.
Story Highlights: om birla shiv sena supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here