തായ്‌വാനെ തകർക്കാനുറച്ച് ചൈന; ശിക്ഷിക്കുന്നത് ഒരു പഴം കൊണ്ട് | China- Taiwan Conflict Explained

- തായ്‌വാനിൽ ഫ്രൂട്ട് ബാൻ ഏർപ്പെടുത്തി ചൈന
- പ്രതിസന്ധിയിലായി തായ്‌വാൻ
കലുഷിതമായ തായ്‌വാൻ-ചൈന ബന്ധവും ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ആകാംക്ഷയുമാണ് അന്താരാഷ്ട്ര ലോകത്തെ ചർച്ചാ വിഷയം. റഷ്യ-യുക്രൈൻ-യുദ്ധം ആരംഭിച്ച് ചൈന റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം പല അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും മുൻകൂട്ടി കണ്ടിരുന്നു. ഇപ്പോൾ ഇവരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്ന രീതിയിലാണ് ചൈനയുടെ നിലപാടുകളും. തായ്‌വാന് മേൽ പല നടപടികളും ഉപരോധങ്ങളുമായി നിങ്ങുകയായിരുന്ന ചൈനയെ ചൊടിപ്പിച്ച് അമേരിക്കയുടെ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതോടെ സ്ഥിതിഗതികൾ വഷളായി. പടക്കപ്പലുകൾ സമുദ്രാതിർത്തിയിൽ വിന്യസിച്ചും പീരങ്കികൾ നടുറോഡിലെ കൊണ്ടുവന്ന് സൈനികാഭ്യാസം നടത്തിയും തായ്‌വാനെ ഭയപ്പെടുത്തുകയാണ് ചൈന. പക്ഷേ ഇതിലൊന്നും ഉലയാത്ത തായ്‌വാനെ തളർത്താൻ ചൈന സ്വീകരിച്ച മറ്റൊരു ആയുധമുണ്ട്. അതാണ് ഏറ്റെമോയ എന്ന പഴം ! ഇത് പക്ഷേ തായ്‌വാനിലേൽപ്പിച്ച പ്രഹരം ചെറുതല്ല…. ( China- Taiwan Conflict Explained )
നമ്മുടെ സീതപ്പഴത്തിനോട് സാദൃശ്യമുള്ള ഒരു പഴമാണ് ഏറ്റെമോയ. പുറത്ത് പച്ച നിറവും അകത്ത് വെള്ള നിറത്തിലുള്ള മാംസള ഭാഗവും നടുക്ക് കറുത്ത കുരുക്കളും. മധുരവും ചെറിയ പുളിപ്പും നിറഞ്ഞ ഈ പഴമാണ് തായ്വാനിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത്. 14 മില്യൺ കിലോഗ്രാം ഏറ്റെമോയ പഴമാണ് പ്രതിവർഷം തായ്വാനിൽ നിന്ന് കയറ്റി അയക്കപ്പെടുന്നത്. ഇതിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്.
പക്ഷേ 2021 സെപ്റ്റംബർ മുതൽ ചൈന ഏറ്റെമോയയുടെ ഇറക്കുമതി നിരോധിച്ചു. ഏറ്റെമോയ പഴത്തിൽ ധാരാളം പ്രാണികളും പുഴുക്കളുമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. പതിറ്റാണ്ടുകളായി തുടരുന്ന ചൈന തായ്വാൻ ശീതയുദ്ധത്തിന്റെ ഇടയിൽപ്പെട്ടിരിക്കുകയാണ് ഈ പാവം ഏറ്റെമോയ. എങ്ങനെയാണ് ഏറ്റെമോയ ഇതിലകപ്പെട്ടത് ?
Read Also: റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യയെ എങ്ങനെ ബാധിക്കും ? [ 24 Explainer ]
തായ്വാൻ-ചൈന ശീതയുദ്ധം തുടങ്ങുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ അൽപം പിന്നിലേക്ക് പോകണം…1940 ലേക്ക്…
അന്ന് ചൈന കമ്യൂണിസ്റ്റുകളും ദേശിയ വാദികളും തമ്മിലുള്ള ആഭ്യന്തര കലഹത്തിൽ ഉരുകുകയാണ്. കമ്യൂണിസ്റ്റുകൾ വിജയിച്ചതോടെ ‘പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന’ രൂപം കൊണ്ടു. തോൽവി സമ്മതിച്ച ദേശിയ വാദികൾ ചൈന വിട്ട് ‘റിപബ്ലിക് ഓഫ് ചൈന’ എന്ന പേരുമായി തായ്വാനിലെത്തി. ഇവർ രണ്ട് പേരും യഥാർത്ഥ ചൈന തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ചു.
എന്നാൽ തായ്വാൻ ഒരു രാജ്യമായി ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷേ തായ്വാൻ ഒരു സ്വയം ഭരണ ജനാധിപത്യ പ്രദേശമാണ്. തായ്വാനിൽ ഭരണഘടനയും, നീതിന്യായ പീഢവും, രാഷ്ട്രപതിയുമുണ്ട്.
തായ്വാൻ ചൈനയിൽ നിന്ന് ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നുവെങ്കിലും മാ യിംഗ് ജോ തായ്വാൻ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുടെ ഭരണാധികാരി ഷീ ജിൻ പിംഗുമായി കുറച്ച് കൂടുതൽ അടുപ്പം കാണിച്ചു. 2014 ൽ തായ്വാൻ വ്യവസായ ശാലകളിൽ ചൈനയിലെ നിക്ഷേപകരെ ക്ഷിച്ചുകൊണ്ട് ഒരു കരാർ അന്നത്തെ സർക്കാർ പുറത്തിറക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വച്ചത്. അന്ന് ആയിരത്തിലേറെ പ്രക്ഷേഭകാരികളാണ് തെരുവിലിറങ്ങിയത്. 1950 മുതൽ ആധിപത്യം സ്ഥാപിച്ചിരുന്ന കെഎംടി സർക്കാർ അങ്ങനെ അവിടെ നിലം പതിച്ചു. തായ്വാൻ രീഷ്ട്രീയ ചരിത്രത്തിലേക്ക് നിലവിലെ സായ് ഇംഗ് വെന്നിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ഉദിച്ചുയർന്നു. തായ്വാന്റെ ചരിത്രത്തിൽ തന്നെ വെറും രണ്ടാം തവണയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അധികാരത്തിലെത്തുന്നത്. അന്ന് മുതൽ തായ്വാൻ ചൈനയിൽ നിന്ന് അകലം പാലിച്ചു.
തൊട്ടുപിന്നാലെ ചൈനയും തായ്വാനും ഒന്നാകണമെന്ന ആഹ്വാനവുമായി ചൈന സമ്മർദം ആരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് തായ്വാനെ ഒറ്റപ്പെടുത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ഇതിന് പുറമെയാണ് ഏറ്റെമോയ ഉപയോഗിച്ച് ചൈന തായ്വാനെ സമ്മർദത്തിലാഴ്ത്തുന്നത്.
തായ്വാൻ-ചൈന വ്യാപാര ബന്ധം
ചൈനയാണ് തായ്വാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. തൊട്ടി പിന്നിൽ സിംഗപ്പൂർ, കൊറിയ, മലേഷ്യ, ഫിലിപ്പീൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്. അതിനും പിന്നിൽ ഹോങ്ങ്‌കോങ്ങ്. നാലാം സ്ഥാനാത്താണ് അമേരിക്ക. അഞ്ചാം സ്ഥാനത്ത് ജപ്പാനും പിന്നിൽ മറ്റ് രാജ്യങ്ങളും.
തായ്വാൻ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ നല്ലൊരു ശതമാനവും വിറ്റഴിക്കുന്നത് ചൈനയിലാണ്. കാരണം പൈനാപ്പിൾ, ഏറ്റമോയ, മാങ്ങ, പേരക്ക, വാക്‌സ് ആപ്പിൾ, തേങ്ങ, പ്ലം, പീച്ചുകൾ എന്നിങ്ങനെയുള്ള തായ്വാനീസ് പഴങ്ങൾ ചൈനയിൽ വിറ്റഴിക്കുമ്പോൾ താരിഫ് നിരക്കുകൾ തായ്വാന് ബാധകമല്ല. ഏറ്റമോയയ്ക്ക് ആവശ്യകാരേറിയതോടെ തായ്വിനെ കർഷകരിൽ നല്ലൊരു ശതമാനവും ഏറ്റമോയ പഴം കൃഷി ചെയ്യുന്നതിലേക്ക് മാറി. ഇതോടെ ഉത്പാദനം മൂന്നിരട്ടിയായി. ഇവരുടെ വരുമാനം ചൈനയെ ആശ്രയിച്ചായി. ഇതോടെ തായ്വാൻ ജനതയുടെ ജീവിതം അവർ അറിയാതെ തന്നെ ചൈനയുമായി ബന്ധപ്പെട്ടായി. ഈ അവസരത്തിലാണ് ചൈന ‘ഫ്രൂട്ട് ബാൻ’ ഏർപ്പെടുത്തിയത്.
ഏറ്റമോയ പഴം തായ്വാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചതോടെ തായ്വാനിലെ കർഷകർ പ്രതിസന്ധിയിലായി. അവരുടെ വരുമാനത്തിൽ 50 % ൽ ഏറെ ഇടിവ് രേഖപ്പെടുത്തി. ചൈനയുമായുള്ള ബന്ധം കലുഷിതമാക്കിയതിന് ജനം തായ്വാൻ സർക്കാരിനെ കുറ്റപ്പെടുത്തി.
ഏറ്റെമോയയ്ക്ക് പിന്നാലെ വാക്‌സ് ആപ്പിൾ, പൈനാപ്പിൾ എന്നിവയും ചൈന ഇറക്കുമതി ചെയ്യുന്നത് നിർത്തി. 60 മില്യൺ ഡോളറാണ് പൈനാപ്പിൾ കയറ്റുമതിയിലൂടെ തായ്വാൻ നേടിയിരുന്നത്. പൈനാപ്പിൾ ബാൻ കൂടി വന്നതോടെ തായ്വാൻ കഷ്ടപ്പെട്ടു.
പക്ഷേ ഈ പ്രതിസന്ധി മറികടക്കാൻ തായ്വാൻ ഒരു ക്യാമ്പെയിൻ സൃഷ്ടിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളും തായ്വാനീസ് പൈനാപ്പിളിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ക്യാമ്പെയിൻ ഫലം കണ്ടു. ചൈനയെ തള്ളി ജപ്പാനും ഹോങ്ങ് കോങ്ങും തായ്വാന്റെ ഏറ്റവും വലിയ പൈനാപ്പിൾ ഇറക്കുമതി പങ്കാളികളായി. ഒരു വർഷം കൊണ്ട് ചൈന വാങ്ങിയ പൈനാപ്പിൾ നാല് ദിവസം കൊണ്ട് ഇരു രാജ്യങ്ങളും ഇറക്കുമതി ചെയ്തു. ഇവിടെ റെസ്റ്റോറന്റുകളിലെ ഭക്ഷണങ്ങളിൽ തായ്വാനീസ് പൈനാപ്പിളുകളും വിളമ്പി തുടങ്ങി.
പക്ഷേ പ്രശ്‌നം അവിടം കൊണ്ട് തീരുന്നില്ല…
തായ്വാൻ ചൈനയ്ക്ക് പഴങ്ങൾ വിൽക്കുന്നില്ലെങ്കിൽ മറ്റ് രാജ്യങ്ങളായ ജപ്പാൻ സൗത്ത് കൊറിയ എന്നിവയെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഈ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ഇതിലും വിലക്കുറവിൽ ട്രോപ്പിക്കൽ പഴങ്ങൾ ലഭിക്കുന്നുണ്ട്. പഴങ്ങൾ ദൂര രാജ്യങ്ങളായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതും തായ്വാന് ബുദ്ധിമുട്ടാണ്. പഴങ്ങൾ പെട്ടെന്ന് കേടു വരാനുള്ള സാധ്യത ദൂരം കൂടും തോറും വർധിക്കും.
നിലവിൽ തായ്വാൻ സർക്കാർ ധനസഹായം പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും അവയൊന്നും ചെറുകിട കർഷകരിലേക്ക് എത്തുന്നില്ല. പല കർഷകരും ഉത്പാദനം 50 % ആയി കുറച്ചു. മറ്റ് കൃഷിയിലേക്കും മാറുന്നുണ്ട്.
പഴങ്ങൾക്ക് പുറമെ ശീതീകരിച്ച അയല, ബിസ്‌കറ്റ്, ബ്രഡ് എന്നിവയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന നിരോധിച്ചു.
ഇതിന് പുറമെ തായ്വന് മണൽ നൽകുന്നതും ചൈന അവസാനിപ്പിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി തായ്വാൻ മണൽ ഇറക്കുമതി ചെയ്തിരുന്നത് ചൈനയിൽ നിന്നാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി ചൈനയിൽ മണലിനുള്ള ആവശ്യം വർധിച്ചുവെന്ന് പറഞ്ഞ് രാജ്യം തായ്വാനിലേക്കുള്ള മണൽ കയറ്റുമതി അവസാനിപ്പിച്ച് തായ്വാന്റെ നിർമാണ മേഖലയേയും പ്രതിസന്ധിയിലാക്കി. മുൻ 75 ശതമാനം മണൽ ഇറക്കുമതി ചെയ്തിരുന്ന തായ്വാൻ നിലവിൽ ചൈനയിൽ നിന്ന് 3% മണൽ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഓസ്‌ട്രേലിയയെയാണ് തായ്വാൻ മണലിന് വേണ്ടി ആശ്രയിച്ചിരിക്കുന്നത്. ഈ വർഷം 48% മണലാണ് തായ്വാൻ ഓസ്ര്‌ടേലിയയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
Story Highlights: China- Taiwan Conflict Explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here