മൈക്കാട് പണി, വാർക്കത്തൊഴിലാളി, ഒടുവിൽ ഡോക്ടർ; മനോഹരന്റെ കഥ ആർജവത്തിന്റെ കഥയാണ്

കഴിഞ്ഞ ആഴ്ച വരെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു മനോഹരൻ. എന്നാൽ ഇന്ന് മനോഹരനു മുന്നിൽ ഒരു ഡോക്ടറുണ്ട്. കേരള സർവകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ മനോഹരൻ നിശ്ചയദാർഢ്യത്തിൻ്റെ ഉദാഹരണമാണ്. കോട്ടയം ജില്ലയിലെ മുണ്ടക്കയം പുലിക്കുന്ന്, താന്നിക്കൽപതാൽ കൂലിപ്പണിക്കരായ കുഞ്ഞുചെറുക്കൻ- അമ്മിണി ദമ്പതികളുടെ മകൻ മനോഹരൻ്റെ ഡോക്ടർ പട്ടം സാധാരണ മനുഷ്യൻ്റെ ആർജവത്തിൻ്റെ കൂടി കഥയാണ്. (dr manoharan doctorate story)
സ്വന്തം നാട്ടിലായിരുന്നു സ്കൂൾ പഠനം. സമയം കിട്ടുമ്പോഴൊക്കെ ജോലിക്ക് പോകുമായിരുന്നു. മേസ്തിരിമാരുടെ സഹായി ആയി മൈക്കാട് പണിയ്ക്കാണ് അന്ന് പോയിരുന്നത്. പിന്നീട് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം എടുത്തു. തുടർന്ന് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ഡിപാർട്ട്മെൻ്റ് ഓഫ് എക്കണോമിക്സിൽ നിന്ന് എംഎ എംഫിൽ, ഡോക്ടറേറ്റ് ബിരുദം. അധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള അവസാന പടി. പഠനത്തിനിടെ കെട്ടിട നിർമാണ മേഖലയിലായിരുന്നു ജോലി. 6 വർഷമായി സിഐടിയു യൂണിയൻ പുലിക്കുന്ന് യൂണിറ്റിലെ തൊഴിലാളി ആണ് മനോഹരൻ.
“എംഫിൽ പഠനത്തിനു ശേഷം 6 വർഷം നാട്ടിൽ നിൽക്കേണ്ടിവന്നു. വാർക്കത്തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട്. ആ തൊഴിലാവുമ്പോ നമ്മുടെ വരവിനനുസരിച്ച് ജോലിക്ക് കയറാം. അതുകൊണ്ട് അത് തിരഞ്ഞെടുക്കുകയായിരുന്നു. സുഹൃത്തുക്കളുടെയൊക്കെ പിന്തുണയുണ്ടായിരുന്നു. എനിക്ക് തന്നെ ഇത് പൂർത്തീകരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അധ്യാപനമാണ് വഴിയെന്നുറപ്പിച്ചത് എംഎ പഠനകാലത്താണ്. പലരും അധ്യാപന ജോലിയിലേക്ക് തിരിയുന്നു. അങ്ങനെയാണ് അധ്യാപന ജോലി ചെയ്യാൻ ആഗ്രഹമുണ്ടായത്. ഞാൻ എസ്‌സി വിഭാഗക്കാരനാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പല സഹായങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്. പക്ഷേ, ഇത് എന്തുകൊണ്ട് കുട്ടികൾക്ക് എത്തുന്നില്ലെന്ന് ഞാൻ ചിന്തിച്ചു. അതായിരുന്നു എൻ്റെ പഠനവിഷയം. ഉന്നത വിദ്യാഭ്യാസത്തിൽ കേരള ഗവണ്മെൻ്റും കേന്ദ്ര ഗവണ്മെൻ്റും ഇവർക്ക് കൊടുക്കുന്ന സാമ്പത്തിക സഹായ, മറ്റ് ഇതര പദ്ധതികളെപ്പറ്റിയുള്ള 10 വർഷത്തെ വിലയിരുത്തലായിരുന്നു എൻ്റ പഠനം. അതിൻ്റെ ഭാഗമായി നിൽക്കുമ്പോൾ ഒരു മാതൃക കൂടി ആകണമല്ലോ.”- ഡോക്ടർ മനോഹരൻ പറയുന്നു.
Story Highlights: dr manoharan doctorate story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here