‘സാർ നിങ്ങളുടെ കടുത്ത ആരാധകനാണ്, ഒരു സെൽഫി എടുത്തോട്ടെ?’; പാക്ക് ആരാധകന്റെ ആഗ്രഹം സഫലീകരിച്ച് കോലി

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ചിരവൈരികളായ പാകിസ്താനിലും ആരാധകർക്ക് കുറവില്ല. സൂപ്പർ താരത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. ഇത്തരത്തിൽ ലാഹോറിൽ നിന്നുള്ള ഒരു ആരാധകൻ കിംഗ് കോലിയെ കാണാനും സെൽഫിയെടുക്കാനും ദുബായിലെത്തി. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത ആ ആരാധകന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് കോലി.
ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് സംഭവം. 2022ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം നടത്തിയിരുന്നു. ട്രെയിനിങ് സെഷനുശേഷം താരങ്ങൾ ടീം ബസിലേക്ക് മടങ്ങുമ്പോൾ മുഹമ്മദ് ജിബ്രാൻ കോലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാൽ ഗ്രൗണ്ടിൽ നിയോഗിച്ചിരുന്ന സുരക്ഷാ ഗാർഡുകൾ ഇയാളെ തടഞ്ഞു. ഈ സമയം ഇത് ശ്രദ്ധിക്കാതെ കോലി മുന്നോട്ട് നീങ്ങി.
“സാർ ഞാൻ പാകിസ്താനിൽ നിന്നുമാണ്, നിങ്ങളുടെ കടുത്ത ആരാധകനാണ്. ഒരു സെൽഫി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദുബായ് വരെ വന്നത്” ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇതു കേട്ട കോലി തൻ്റെ ആരാധകനെ നിരാശപ്പെടുത്തിയില്ല. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത ആഗ്രഹം സഫലീകരിച്ചു നൽകി. “ഒരു മികച്ച ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണ്” – മുഹമ്മദ് പറഞ്ഞു.
Story Highlights: Virat Kohli Obliges Fan From Pakistan With Selfie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here