പോപ്പുലർ ഫ്രണ്ടുകാരെ ഒപ്പം നിർത്താൻ സിപിഐഎമ്മും കോൺഗ്രസും ലീഗും മത്സരിക്കുന്നു: കെ.സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഐഎമ്മും കോൺഗ്രസും മുസ്ലിംലീഗും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സിപിഐഎം ആദ്യം രംഗത്ത് വന്നത് പോപ്പുലർ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആർഎസ്എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാർട്ടികൾ കേരളത്തെ അപകടത്തിലാക്കുകയാണ്. നാലുവോട്ടിനുവേണ്ടി ഭീകരപ്രവർത്തകരെ കൂടെ നിർത്തുന്ന മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന ഇത്തരകാർക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം.
പോപ്പുലർ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സർക്കാർ തുടരുന്നതെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. സിപിഎമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐഎൻഎല്ലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം. സിപിഐഎം മതഭീകരവാദികളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതിനെതിരെ ആ പാർട്ടിയിലെ മതനിരപേക്ഷ മനസുള്ളവർ പ്രതിഷേധിക്കണം. ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സിപിഐഎം പ്രവർത്തകരും അനുഭാവികളും മതഭീകരതയോട് സഖ്യം ചേരുന്ന സിപിഎമ്മിന്റെ നീക്കത്തിനെതിരെ ശബ്ദമുയർത്തണം. കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സിപിഐഎമ്മും കോൺഗ്രസും ചേർന്നാണെന്ന് ഇരുപാർട്ടികളുടേയും അണികൾ തിരിച്ചറിയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: K Surendran Against CPI(M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here