‘സൈനികനാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ചേട്ടന്റെ ചെകിട്ടത്തടിച്ചു’; പൊലീസുകാരുടെ ക്രൂരതകള്‍ വിവരിച്ച് വിഘ്‌നേഷ്

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ സൈനികന്റെ സഹോദരന്‍. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോള്‍ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരല്‍ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമര്‍ദനമെന്നും വിഘ്‌നേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.( vignesh about brutality of kilikollur police)
സൈനികന്‍ വിഷ്ണുവിന്റെ സഹോദരന്‍ വിഘ്‌നേഷിന്റെ വാക്കുകള്‍.
‘മാധ്യമങ്ങളെ അടക്കം എല്ലാവരെയും അവര്‍ പറ്റിക്കുകയായിരുന്നു. എന്റെയും ചേട്ടന്റെയും ജീവിതം അവര്‍ നശിപ്പിച്ചു. സ്‌റ്റേഷനിലെ മണികണ്ഠന്‍ എന്ന പൊലീസുകാരന്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡിങ്്‌സ് കയ്യിലുണ്ട്. ജാമ്യത്തിനായി സ്‌റ്റേഷനില്‍ പോയപ്പോള്‍ എംഎഡിഎംഎ കേസാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പിന്മാറി. അക്കാര്യം അയാള്‍ക്കും അറിയാവുന്നതാണ്.
സ്റ്റേഷനില്‍ നിന്ന് തിരിച്ചുപോകുമ്പോഴാണ് വഴിയില്‍ ആക്‌സിഡന്റ് പറ്റിയ ഒരമ്മയെ കണ്ടതും അവരെ ഓട്ടോയില്‍ കയറ്റുകയും ചെയ്തത്. അന്നവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മദ്യപിച്ചുണ്ടാക്കിയ പ്രശ്‌നത്തില്‍ അയാളെ മറ്റു പൊലീസുകാര്‍ സപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഞങ്ങളെ ഉപദ്രവിച്ചത്.
സൈനികനാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ചേട്ടന്റെ ചെകിട്ടത്തടിച്ചു. ഷര്‍ട്ടും വലിച്ചുകീറി. എന്റെ ഫോണ്‍ പിടിച്ചുവാങ്ങി. ശേഷം എസ്‌ഐയുടെ അടുക്കലേക്ക് കൊണ്ടുപോയി അവരും മര്‍ദിച്ചു. ചേട്ടനെ ബലം പ്രയോഗിച്ച് മര്‍ദിച്ചതിനിടെ രണ്ടുപേരും നിലത്തുവീണാണ് പൊലീസുകാരന്റെ നെറ്റി മുറിഞ്ഞത്. അനീഷും സിഐ വിനോദും ഓടിവന്ന് ചേട്ടന്റെ മുണ്ട് വലിച്ചൂരി, തല ലോക്ക് ചെയ്ത്, ക്യാമറ ഇല്ലാത്തിടത്തേക്ക് കൊണ്ടുപോയി. മറ്റൊരു പൊലീസുകാരന്‍ വന്ന്, സാറേ ഇവനുമുണ്ടെന്ന് പറഞ്ഞ് എന്നെ ചൂണ്ടിക്കാട്ടി. അപ്പോള്‍ തുടങ്ങിയ അടിയാണ്. പട്ടിയെ പോലെ ഞങ്ങളെ തല്ലിച്ചതച്ചു.
എസ്‌ഐ അനീഷ് പക്കാ ഗുണ്ടയെ പോലെയാണ് പെരുമാറിയത്. ചേട്ടന്റെ കാഞ്ചി വലിക്കുന്ന വിരല്‍ അടിച്ചുപൊട്ടിച്ചു. എന്റെ നാല് കൈവിരലുകള്‍ തല്ലിയൊടിച്ചു. കാലാപാനി സിനിമയെ പോലെ കാല് വലിച്ചുവലിച്ചാണ് അകത്തിട്ടത്. ചേട്ടന് അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.വനിതാ പൊലീസുകാരുടെ മുന്നിലിട്ടാണ് തല്ലിയത്. കരഞ്ഞുകൊണ്ട് ചേട്ടന്‍ വെള്ളം ചോദിച്ചപ്പോള്‍, കൈവിലങ്ങുണ്ടായിരുന്നിട്ടും ഇഴഞ്ഞിഴഞ്ഞ് പോയി ഞാന്‍ വെള്ളമെടുത്തുകൊടുത്തു. ആ കുപ്പിയില്‍ പോലും ചോരപ്പാടുണ്ടായിരുന്നു. ഇത്രെയേ ഉള്ളൂ നീയൊക്കെ എന്ന് പറഞ്ഞായിരുന്നു വീണ്ടും വീണ്ടും അടിച്ചത്. ഇവരെ പോലെയുള്ളവരാണ് പൊലീസ് സേനയ്ക്ക് മുഴുവനും ചീത്തപ്പേരുണ്ടാക്കുന്നത്.
Read Also: സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം മാത്രം
സംഭവത്തില്‍ റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി തിരുവനന്തപുരം റേഞ്ച് എജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട. രണ്ട് മാസം മുന്‍പാണ് കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും പൊലീസ് അതിക്രൂരമായി മര്‍ദിച്ചതും കള്ളക്കേസില്‍ കുടുക്കിയതും. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാന്‍ വന്നവര്‍ പൊലീസിനെ മര്‍ദിച്ചുവെന്നായിരുന്നു കെട്ടിച്ചമച്ച കേസ്. എന്നാല്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ സ്ഥലംമാറ്റ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
Story Highlights: vignesh about brutality of kilikollur police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here