സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശിനെ വീഴ്ത്തി മുംബൈക്ക് കന്നിക്കിരീടം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് കന്നിക്കിരീടം. ഫൈനലിൽ ഹിമാചൽ പ്രദേശിനെ 3 വിക്കറ്റിനു വീഴ്ത്തിയാണ് മുംബൈ കിരീടം നേടിയത്. 144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അവസാന ഓവറിലെ മൂന്നാം പന്തിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. തനുഷ് കോട്ടിയൻ, മോഹിഷ് അവസ്തി എന്നിവർ മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ 31 പന്തിൽ 36 റൺസെടുത്ത് സർഫറാസ് ഖാൻ പുറത്താവാതെ നിന്നു. ഏകാന്ത് സെൻ (29 പന്തിൽ 37) ആണ് ഹിമാചലിൻ്റെ ടോപ്പ് സ്കോറർ. (syed mushtaq mumbai champions)
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി; പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ
മുംബൈ ബൗളിംഗിനു മുന്നിൽ പതറിയ ഹിമാചലിന് ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് നഷ്ടമായി. 6 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ നാണക്കേടുറപ്പിച്ച ഹിമാചലിനെ ഏഴാം വിക്കറ്റിൽ ആകാശ് വസിഷ്ടും ഏകാന്ത് സെന്നും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 60 റൺസിൻ്റെ വിലപ്പെട്ട കൂട്ടുകെട്ടുയർത്തി. 22 പന്തിൽ 25 റൺസെടുത്ത വസിഷ്ട് 18ആം ഓവറിലും ഏകാന്ത് സെൻ 19ആം ഓവറിലും മടങ്ങിയെങ്കിലും 12 പന്തിൽ 21 റൺസെടുത്ത് പുറത്താവാതെ നിന്ന മായങ്ക് ഡാഗർ ഹിമാചലിനെ 140 കടത്തി.
Read Also: ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ കടന്നുകൂടി ഇംഗ്ലണ്ട്; ഓസ്ട്രേലിയ പുറത്ത്
മറുപടി ബാറ്റിംഗിൽ പൃഥ്വി ഷാ (11), അജിങ്ക്യ രഹാനെ (1) എന്നിവരെ വേഗം നഷ്ടമായെങ്കിലും യശസ്വി ജയ്സ്വാളും ശ്രേയാസും അയ്യരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 41 റൺസ് കൂട്ടിച്ചേർത്ത് മുംബൈയെ കളിയിൽ തിരികെയെത്തിച്ചു. 28 പന്തുകളിൽ 27 റൺസ് നേടിയ യശസ്വി 10ആം ഓവറിൽ പുറത്തായി. ഏറെ വൈകാതെ ശ്രേയാസും (26 പന്തിൽ 34) മടങ്ങി. ശിവം ദുബെ (7), അമൻ ഹക്കിം ഖാൻ (6), ഷംസ് മുലാനി (2) എന്നിവരൊക്കെ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായപ്പോൾ മുംബൈ വിറച്ചു. എന്നാൽ, 19ആം ഓവറിൽ 17 റൺസ് അടിച്ചുകൂട്ടിയ സർഫറാസ് ഖാൻ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. അവസാന ഓവറിലെ മൂന്നാം പന്തിൽ സിക്സറടിച്ച് തനുഷ് കോട്ടിയൻ ആണ് വിജയറൺ നേടിയത്.
Story Highlights: syed mushtaq ali trophy mumbai champions smat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here