കോർപ്പറേഷനിലെ സംഘർഷത്തിനിടയിൽ പെട്ടുപോയ വയോധിക പരിഭ്രാന്തയായി; മറ്റൊരു സ്ത്രീ കുഴഞ്ഞുവീണു

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിലുള്ള സംഘർഷത്തിനിടയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്റെ റൂമിനുള്ളിൽ പെട്ടുപോയ വയോധിക പരിഭ്രാന്തയായി. സംഘർഷം അതിരു കടന്നതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങാനാകാതെ വിഷമിച്ച വയോധിക പൊട്ടിക്കരയുകയായിരുന്നു. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.
പെൻഷൻ കിട്ടുന്നതുമായി ബന്ധപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ കാണാനെത്തിയ വയോധികയാണ് ഉന്തിലും തള്ളിലും പെട്ട് വിഷമിച്ചത്. ചില ബിജെപി കൗൺസിലർമാർ പുറത്തുനിന്ന് വാതിൽ പൂട്ടിയതോടെയാണ് ഇവർ പരിഭ്രാന്തിയിലായത്. ഇതിനിടെ തളർന്ന് വീണ മറ്റൊരു സ്ത്രീയെ റൂമിൽ നിന്ന് പുറത്തേക്ക് മാറ്റുകയും ചെയ്തു.
Read Also: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം
പെൻഷന്റെയും കിടപ്പാടത്തിന്റെയും കാര്യത്തിനായി വരുന്ന പ്രായമായവരെ സമരക്കാർ ബുദ്ധിമുട്ടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും സംഘർഷത്തിനിടെ 20 ഓളം സ്ത്രീകൾ റൂമിന് അകത്തായിപ്പോയെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീം പറയുന്നു. പൊതുജനങ്ങൾക്ക് അകത്ത് കയറാനാത്ത അവസ്ഥയാണ് ബിജെപി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.
മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.
Story Highlights: BJP CPIM conflict corporation elderly panicked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here