Advertisement

വാറിൽ വീണിട്ടും പൊരുതിക്കയറി മൊറോക്കോ; ബെൽജിയത്തിന് ഞെട്ടൽ

November 27, 2022
2 minutes Read
morocco won belgium qatar

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ ഞെട്ടിച്ച് മൊറോക്കോ. പൊസിഷൻ ഫുട്ബോളിന് ചടുലനീക്കങ്ങളിലൂടെ മറുപടി നൽകിയ മൊറോക്കോ ബെൽജിയത്തെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. അബ്ദെൽ ഹമീദ് സാബിരി, സക്കരിയ അബൂഖ്ലാൽ എന്നിവരാണ് ഗോൾ സ്കോറർമാർ. 1998നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ഒരു ലോകകപ്പ് മത്സരത്തിൽ വിജയിക്കുന്നത്. (morocco won belgium qatar)

Read Also: ഒരേയൊരു പിഴവ്; നന്നായി കളിച്ചിട്ടും കോസ്റ്റാറിക്കക്കെതിരെ ജപ്പാന് കണ്ണീർ

പന്ത് ഹോൾഡ് കളിക്കാൻ ശ്രമിക്കുന്ന ബെൽജിയത്തിനു മേൽ കൊടുങ്കാറ്റുപോലെയാണ് മൊറോക്കോ കളി മെനഞ്ഞത്. ബെൽജിയം താരങ്ങളുടെ കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ മൃഗീയമായ കരുത്തോടെ പാഞ്ഞടുത്ത മൊറോക്കൻ താരങ്ങൾ തുടക്കം മുതൽ അപകടം വിതച്ചു. മുന്യറും തോർഗൻ ഹസാർഡുമാണ് ബെൽജിയം ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 17ആം മിനിട്ടിൽ ബെൽജിയത്തിൻ്റെ ഫ്രീകിക്ക് രക്ഷപ്പെടുത്തിയെടുത്തിയ മൊറോക്കോ വഴങ്ങിയ കോർണറിൽ നിന്ന് അമഡൗ ഒനാനയുടെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 27ആം മിനിട്ടിൽ മൊറോക്കൻ താരം സെലിം അമള്ളായുടെ ഒരു വോളി പുറത്തേക്ക്. 35ആം മിനിട്ടിൽ അച്രഫ് ഹക്കീമിയുടെ ഒരു ശ്രമവും ബെൽജിയം പോസ്റ്റിനു പുറത്തേക്ക് പറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൊറോക്കോ ആദ്യ ഗോളടിച്ചു. ബെൽജിയം ഗോളി തിബോ കോർട്ട്വായുടെ പിഴവായിരുന്നു ഇത്. വലതു പാർശ്വത്തിൽ പോസ്റ്റിനു പുറത്തുനിന്ന് ഹക്കിം സിയെച്ച് എടുത്ത ഫ്രീകിക്ക് കോർട്ട്വായെ മറികടന്ന് വലകുലുക്കി. എന്നാൽ, വാർ പരിശോധനയിൽ ഓഫ്സൈഡിലായിരുന്ന റൊമെയ്ൻ സൈസിൻ്റെ തലയിൽ പന്ത് തട്ടിയെന്ന് തെളിഞ്ഞതിനാൽ ഗോൾ പരിഗണിച്ചില്ല.

Read Also: വൈറലായി മെക്‌സിക്കോയെ തകർത്ത അർജന്റീന ടീമിന്റെ ആഘോഷം; ആനന്ദനൃത്തമാടി മെസ്സിയും കൂട്ടരും…

രണ്ടാം പകുതിയിലും ആക്രമണം കൂടുതൽ നടത്തിയത് മൊറോക്കോ തന്നെയായിരുന്നു. ഇതിനിടെ 52ആം മിനിട്ടിൽ എയ്ഡൻ ഹസാർഡ് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് മൊറോക്കൻ ഗോളി മുനീർ മൊഹമ്മദി തട്ടിയകറ്റി. 57ആം മിനിട്ടിൽ മൊറോക്കോയുടെ സുഫിയാൻ ബൗഫലിൻ്റെ ഷോട്ട് ഗ്യാലറിയിൽ പതിച്ചു. 65ആം മിനിട്ടിൽ ദൃതഗതിയിലുള്ള പദചലനങ്ങളോടെ മൂന്നോളം മൊറോക്കൻ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ ഡ്രൈസ് മെർട്ടൻസിൻ്റെ ഷോട്ട് നേരെ ഗോൾ കീപ്പറുടെ കൈകളിൽ. 73ആം മിനിട്ടിൽ നിർണായക ഗോളെത്തി. അബ്ദെൽ ഹമീദ് സാബിരിയാണ് കോർട്ട്വായെ കീഴടക്കിയത്. നേരത്തെ ഓഫ്സൈഡിൽ റദ്ദാക്കപ്പെട്ട സിയെച്ചിൻ്റെ ഫ്രീകിക്കിനു സമാനമായിരുന്നു സാബിരിയുടെ ഗോൾ. ഇത്തവണ ഇടതുപാർശ്വത്തുനിന്നെടുത്ത ഫ്രീകിക്ക് നേരെ വലയിൽ. അതും കോർട്ട്വായുടെ പിഴവ്. തിരിച്ചടിയ്ക്കാൻ ബെൽജിയം കിണഞ്ഞുശ്രമിക്കെ മൊറോക്കോയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ, ഹക്കിം സിയെച്ചിൻ്റെ അസിസ്റ്റിൽ നിന്ന് സക്കരിയ അബൂഖ്ലാൽ മൊറോക്കൻ ജയമുറപ്പിച്ച ഗോൾ നേടി.

Story Highlights : morocco won belgium qatar fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top