ഗോൾ പോസ്റ്റിന് മുന്നിൽ ഇരുമ്പ് കോട്ട തീർക്കുന്ന ലിവകോവിച്ച്; കാനറി ചിറകരിഞ്ഞ ഗോളിയുടെ കഥ

നെയ്മർ, വിനീഷ്യസ് ജൂനിയർ, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ കൊമ്പന്മാർ കളത്തിൽ ഇറങ്ങിയിട്ടും ഇന്നത്തെ ഷോട്ട് സ്റ്റോപ്പർ ആ 27 കാരൻ ഗോളി തന്നെയാണ്. രണ്ടു കൈയ്യും ഉയത്തി ഗോൾ പോസ്റ്റിന് മുന്നിൽ ഇരുമ്പ് കോട്ട തീർക്കുന്ന ക്രൊയേഷ്യയുടെ ഡൊമിനിക് ലിവകോവിച്ച്. കാനറിക ചിറകരിഞ്ഞ ക്രൊയേഷ്യൻ വൻ മതിൽ ഇന്ന് നടത്തിയത് എണ്ണം പറഞ്ഞ സേവുകൾ. 120 മിനിറ്റിനുള്ളിൽ അവിശ്വസനീയമായ 11 സേവുകളാണ് അദ്ദേഹം നടത്തിയത്.
‘മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും. ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്’ -ക്രൊയേഷ്യൻ സൂപ്പർതാരം ഇവാൻ പെരിസിച്ചിന്റെ ഈ വാക്കുകൾ മാത്രം മതി ലിവാകോവിച്ച് എന്ന ഗോൾ കീപ്പറിൽ ടീം എത്ര മാത്രം പ്രതീക്ഷവയ്‌ക്കുന്നു എന്നറിയാൻ. ആ പ്രതീക്ഷയ്ക്ക് ഒരു പോറൽ പോലും ഏല്പിക്കാൻ ലിവകോവിച്ച് തയ്യാറല്ല. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് പ്രീക്വാർട്ടറിൽ ജപ്പാന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ലിവാകോവിച്ചിന്റെ ചിറകിലേറിയാണ് ക്രൊയേഷ്യ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്.

ബ്രസീലിനെ അട്ടിമറിച്ച് ക്രൊയേഷ്യ സെമിയിൽ പ്രവേശിക്കുമ്പോഴും നന്ദി പറയേണ്ടത് അതേ ലിവാകോവിച്ചിന് തന്നെ. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഇതോടെ കാനറികൾ പുറത്തേക്ക്. ഒരു ലോകകപ്പ് മത്സരത്തിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഇതുവരെ നടത്തിയിട്ടുള്ളതിലും കൂടുതൽ സേവുകൾ ബ്രസീലിനെതിരെ അദ്ദേഹം നടത്തി.

ലോകഫുട്ബോളിന്റെ ആഘോഷകേന്ദ്രങ്ങളിൽ നിന്ന് ഒട്ടേറെ ദൂരത്ത് ഡൈനമോ സാഗ്രെബ് എന്ന ക്രൊയേഷ്യൻ ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോളിയാണ് ഈ ഇരുപത്തേഴുകാരൻ. എൻകെ സാഗ്രെബ് യൂത്ത് അക്കാദമിയിലൂടെയാണ് അദ്ദേഹം ഫുട്ബോൾ മൈതാനത്തെത്തിയത്. 2015-ൽ ക്രൊയേഷ്യൻ ഭീമൻമാരായ ഡൈനാമോ സാഗ്രെബ് അദ്ദേഹത്തെ ടീമിൽ എത്തിച്ചു, 2016-ൽ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായി അദ്ദേഹം മാറി. അടുത്ത വർഷം ജനുവരിയിൽ, ക്രൊയേഷ്യയ്‌ക്കൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷേ ദേശീയ ടീമിന്റെ സ്ഥിരം കളിക്കാരനായി മാറാൻ 2019 വരെ കാത്തിരിക്കേണ്ടി വന്നു. ഡിനാമോയ്ക്ക് വേണ്ടി 262 മത്സരങ്ങളും ക്രൊയേഷ്യക്ക് വേണ്ടി 39 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story Highlights: Who is Dominik Livakovic?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here