വിഴിഞ്ഞം വിഷയത്തില്‍ അതൃപ്തി പരസ്യമാക്കി ലത്തീന്‍ അതിരൂപത; പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും

വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാറിന്റെ അവകാശവാദം മാത്രമാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം സംഘര്‍ഷവും പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളുമാണ്
സമരം അവസാനിപ്പിക്കാനുള്ള പ്രധാനകാരണങ്ങള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഭാഗികമാണെന്നും അതിനെ അതിജീവിക്കാനുള്ള സമ്മര്ദത്തിന് ഭാവിയിലും ഒരുമിച്ചു നില്‍ക്കണമെന്നും സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ്പ് അഹ്വനം ചെയ്യുന്നുണ്ട്. (Latin Archdiocese displeasure over govt stand in Vizhinjam issue)
അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും രാവിലെ കുര്‍ബാന മധ്യേ സര്‍ക്കുലര്‍ വായിക്കും. സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് സമവായ ധാരണകളും നിലപാടും വ്യക്തമാക്കി സഭ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സമരം നിര്‍ത്തിവച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യമെന്നും ലത്തീന്‍ അതിരൂപത വിശദീകരിക്കുന്നു.
Read Also: തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റി; ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മന്ത്രി വി.അബ്ദുറഹ്മാന്‍
വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ടത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക.
Story Highlights: Latin Archdiocese displeasure over govt stand in Vizhinjam issue