Advertisement

ഇ.പി.ജയരാജനെതിരായ പരാതി; സിപിഐഎമ്മിൽ പുതിയ ​”ഗ്രൂപ്പ് സമവാക്യം”

December 26, 2022
Google News 3 minutes Read
New group equation Kannur CPIM

ഇ.പി.ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പാർട്ടിയും ജയരാജനും ഒരുപോലെ പ്രതിസന്ധിയിലാണ്. പി.ജയരാജന്റെ ആരോപണത്തിന്മേലുള്ള രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിട്ടും ഇതുവരെ പ്രതികരിക്കാൻ ഇ.പി.ജയരാജനോ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി നേതൃത്വമോ തയാറായിട്ടില്ല. ​”തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് ​” ഇ.പി.ജയരാജനെ ഓർമപ്പെടുത്തി പി.ജയരാജൻ ഇന്നലെ നടത്തിയ പരാമർശങ്ങൾ സിപിഐഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ ​ഗ്രൂപ്പ് സമവാക്യങ്ങൾ തുറക്കുന്നവെന്ന സൂചനയാണ് നൽകുന്നത് ( New group equation Kannur CPIM ).

കണ്ണൂരിലെ റിസോർട്ട് നിർമാണത്തോട് ആദ്യം മുതൽ എതിർപ്പുണ്ടായിരുന്ന രണ്ടു നേതാക്കളാണ് എം.വി.ഗോവിന്ദനും പി.ജയരാജനും. ഗോവിന്ദന്റെ സ്വന്തം മൊറാഴ ലോക്കൽ കമ്മിറ്റിയിൽ നിന്നാണ് ആദ്യ പരാതി പാർട്ടിക്കു പോകുന്നത്. വിഷയം അന്ന് ചെറിയ രീതിയിൽ ചർച്ചയായെങ്കിലും ഇ.പി.ജയരാജന്റെ മറുപടിയോടെ വിവാദം കെട്ടടങ്ങുന്ന സ്ഥിതിയാണുണ്ടായത്.

Read Also: മൊറാഴയിലെ റിസോര്‍ട്ട് നിര്‍മാണം; മണ്ണെടുത്തത് അനുമതിയില്ലാതെയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം

എന്നാൽ തെറ്റുതിരുത്തൽ രേഖയെക്കുറിച്ചുള്ള ചർച്ച സമർഥമായ അവസരമാക്കി “കെട്ടണഞ്ഞുവെന്ന് കരുതിയ കനൽ, ഊതി കത്തിക്കുകയായിരുന്നു” പി.ജയരാജൻ. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് വിചാരിക്കുന്ന പി.ജയരാജൻ തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവിൽ നടത്തിയ കേവല ആരോപണമായി ഇതിനെ കാണാൻ കഴിയില്ല. വ്യക്തമായ ഒരു വിഭാ​ഗത്തിന്റെ പിന്തുണയോടെ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന രാഷ്ട്രീയ കരുനീക്കമാണ് റിസോർട്ട് ആരോപണത്തിന് പിന്നിൽ.

കുറച്ചുകാലമായി സിപിഐഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയത്തിൽ പി.ജയരാജനെ അകറ്റിനിർത്തിയുള്ള സമീപനമായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. വ്യക്തിപൂജയിൽ നടപടി നേരിടേണ്ടി വന്ന പി.ജയരാജന് പാർട്ടി നേതൃസ്ഥാനങ്ങളും അകന്നു തന്നെ നിന്നു. ഒടുവിൽ എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അർഹതയുണ്ടായിട്ടും സെക്രട്ടേറിയറ്റിലേക്ക് പി.ജയരാജനെ ഉൾപ്പെടുത്താതെ പോയതും ഇത്തരം നീക്കങ്ങളുടെ ഭാ​ഗമായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി എം.വി.​ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ “കണ്ണൂർ ലോബിക്കുള്ളിൽ” തന്നെ വിള്ളൽ സൃഷ്ടിച്ചു. അതുവരെ കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് പ്രവർത്തിച്ചിരുന്ന ഇ.പി.ജയരാജൻ പിന്നീട് മാറി നിൽക്കുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി ആയ ശേഷം സം​ഘടനാ രം​ഗത്ത് എം.വി.ഗോവിന്ദന് നേരിടുന്ന വലിയ വെല്ലുവിളിയും ഇ.പി.ജയരാജന്റെ മാറിനിൽക്കൽ തന്നെയാണ്.

Read Also: ‘തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്’; ഇ.പി ജയരാജനെതിരായ പരാമര്‍ശങ്ങള്‍ തള്ളാതെ പി.ജയരാജന്‍

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കൂട്ടായ സംഘടനാ സംവിധാനം തന്നെയാണ് സിപിഐഎമ്മിന്റെ കരുത്ത്. എന്നാൽ, എൽഡിഎഫ് കൺവീനറും
സംസ്ഥാന സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട സെക്രട്ടേറിയറ്റ് അംഗമായ ഇ.പി.ജയരാജൻ രണ്ടു മാസത്തിലേറെയായി ഗോവിന്ദന്റെ നേതൃത്വവുമായി സഹകരിക്കാതെ കണ്ണൂരിൽ ഒതുങ്ങി നിൽക്കുകയാണ്. ജില്ലയ്ക്ക് പുറത്തേക്കുള്ള പൊതുപരിപാടിയിൽ പോലും ഇ.പി പങ്കെടുക്കാൻ തയാറാകുന്നില്ല. ഒരുവേള, രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ചെക്കുമെന്നുവരെയുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നു.

നിലവിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ പി.കെ.ശ്രീമതി കഴിഞ്ഞാൽ ഏറ്റവും സീനിയറായ കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി.ജയരാജനാണ്. 2005ലെ ഡൽഹി പാർട്ടി കോൺഗ്രസിലാണ് ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമായത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലാണ് ഗോവിന്ദൻ കേന്ദ്രകമ്മിറ്റിയിലേക്കെത്തുന്നത്. ഇത്രയും സീനിയറായ തന്നെ മറികടന്ന് എം.വി.​ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചതിൽ ഇ.പി.ജയരാജനുണ്ടായ നീരസം ചെറുതായിരുന്നില്ല. ഇതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന് പകരം പൊളിറ്റ്ബ്യൂറോ അംഗത്വവും എം.വി.ഗോവിന്ദനു ലഭിച്ചതോടെ ഇ.പി.ജയരാജൻ പൂർണതോതിൽ നേതൃത്വമായി അകലുകയായിരുന്നു. താൻ ഈ സ്ഥാനങ്ങളിൽ അർഹനായിരുന്നിട്ടും തന്നെ തഴഞ്ഞുവെന്ന തോന്നലാണ് ഇ.പി.ജയരാജന്റെ അകൽച്ചയ്ക്ക് ഇടയാക്കിയത്.

ഒക്ടോബർ ആറിന് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ച ഇ.പി.ജയരാജൻ അക്കാലയളവിൽ ചികിത്സ നടത്തി. തുടർന്നും വിശ്രമം വേണം എന്നു ചൂണ്ടിക്കാട്ടി അവധിയിൽ തുടർന്നു. ഇടക്കാലത്ത് ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തി. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം വിട്ടു നിന്നു. കൺവീനറുടെ അസാന്നിധ്യത്തിൽ എൽഡിഎഫ് യോഗം തന്നെ വിളിച്ചു ചേർക്കാൻ കഴിയാത്ത സ്ഥിതി മുന്നണിക്കുള്ളിൽ തന്നെ മുറു മുറുപ്പുകൾ സൃഷ്ടിരുന്നു. പാർട്ടി നേതൃത്വത്തെ തന്നെ ഇ.പി.ജയരാജൻ വെല്ലുവിളിക്കുന്നുവെന്ന തോന്നലിൽ എം.വി.​ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നിൽക്കുമ്പോഴാണ് പി.ജയരാജന്റെ വെടിപൊട്ടിക്കൽ.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

അതുകൊണ്ടു തന്നെ ഇത് യാദൃച്ഛികമല്ലെന്ന സംശയമാണ് ഉയരുന്നത്. പി.ജയരാജൻ നടപടികൾ നേരിട്ടപ്പോഴും പാർട്ടിയുടെ തനത് കാഴ്ചപ്പാടിൽ ഒരേ സമീപനങ്ങൾ സ്വീകരിച്ച നേതാക്കളായിരുന്നു എം.വി.​ഗോവിന്ദനും പി.ജയരാജനും. അഴിമതിയിൽ തുടങ്ങി പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വഴിവിട്ട പുത്തൻപ്രവണതകൾക്കെതിരെ വരെ രണ്ടു നേതാക്കളും ഒരുപോലെ നിലപാടെടുത്തു. കോടിയേരിയുടെ പകരക്കാരനായി എം.വി.​ഗോവിന്ദൻ എത്തിയതിൽ പി.ജയരാജനും സംതൃപ്തനായിരുന്നു. ഇതിന് പിന്നാലെ പി.ജയരാജൻ ഉയർത്തിയ ആരോപണങ്ങൾ ഇരുവരും രാഷ്ട്രീയമായി തന്നെ കൂടുതൽ അടുക്കുന്നവെന്ന വിലയിരുത്തലാണ് നൽകുന്നത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ പരാതി നൽകണമെന്ന് കമ്മിറ്റിയിൽ തന്നെ എം.വി.​ഗോവിന്ദൻ പി.ജയരാജനോട് ആവശ്യപ്പെട്ടതിന് പിന്നിലും ഇ.പിക്കെതിരായ പടപ്പുറപ്പാട് അരക്കിട്ടുറപ്പിക്കുന്നതാണ്.

ഇതിന് പിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധന നടത്തി. പദ്ധതിയില്‍ ഇ.പി ജയരാജന്റെ ഭാര്യക്കും മകനും അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. പി.ജയരാജൻ പരാതി നൽകുന്നതോടെ ഈ പ്രാഥമിക റിപ്പോർട്ട് കൂടി അടിസ്ഥാനപ്പെടുത്തി പരാതി കേന്ദ്രകമ്മിറ്റിക്ക് കൈമാറും.

കണ്ണൂർ പാർട്ടിയിലെ നേതൃ സമവാക്യങ്ങളെത്തന്നെ ബാധിക്കുന്ന വിഷയത്തിൽ പിണറായി വിജയന്റെ സമീപനം തന്നെയാണ് ഇനി നിർണായകം. പി.ജയരാജൻ രേഖാമൂലം നൽകിയ പരാതി അന്വേഷിക്കണമെന്ന നിലപാട് ഗോവിന്ദൻ സ്വീകരിക്കുകയും അതിനെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണയ്ക്കുകയും ചെയ്താൽ സിപിഐഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലെത്തും.

Story Highlights: New group equation Kannur CPIM, e p jayarajan, p jayarajan, m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here