‘കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചുവെന്നത് വ്യാജപ്രചാരണം’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് കെ സുധാകരന്‍

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ടി പി ഹരീന്ദ്രന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗൗരവതരമായ വിഷയമായതിനാല്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് താന്‍ പറഞ്ഞതെന്ന് കെ സുധാകരന്‍ പറഞ്ഞു. താന്‍ പറഞ്ഞ ഗൗരവമെന്ന പദം വിവാദത്തിനായി ഉപയോഗിക്കപ്പെട്ടു. ഇ പി ജയരാജനെതിരായ ആരോപണത്തിന്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് വ്യാജപ്രചാരണമെന്ന് സംശയമുണ്ട്. കോണ്‍ഗ്രസ്- മുസ്ലീം ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള പാഴ്ശ്രമമാണ് നടക്കുന്നത്. വ്യാജപ്രചാരണങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീഴരുതെന്നും കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: (k sudhakaran facebook post on p k kunhalikkutty)
മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഡിസിസിയില്‍ എത്തിയപ്പോള്‍ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാല്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉള്‍ക്കൊള്ളാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ് ?
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജന്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുമ്പോള്‍ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയില്‍ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കും.
പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകളാക്കി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങള്‍ സ്ഥാപിത താല്പര്യക്കാര്‍ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് .അത്തരം വ്യാജ പ്രചാരണങ്ങളില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
Story Highlights: k sudhakaran facebook post on p k kunhalikkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here