Advertisement

‘ഒരാൾക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല’; സംവിധായിക നയന സൂര്യയുടെ മരണത്തിൽ പ്രതികരിച്ച് ജോർജ് ജോസഫ്

January 2, 2023
Google News 2 minutes Read
nayana surya george joseph

സംവിധായിക നയന സൂര്യയുടെ മരണകാരണം കഴുത്ത് ഞെരിച്ചത് തന്നെയെന്ന് മുൻ എസ്പി ജോർജ് ജോസഫ്. ട്വൻ്റിഫോർ ന്യൂസ് ഈവനിങ്ങിലെ ചർച്ചക്കിടെയാണ് ജോർജ് ജോസഫിൻ്റെ പ്രതികരണം. കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊലീസ് ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (nayana surya george joseph)

“കഴുത്ത് ഞെരിച്ചായിരുന്നു മരണം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്ത് ഞെരിച്ചു എന്നതാണ് പ്രധാനം. ഒരാൾക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല എന്നതാണ് എൻ്റെ നിഗമനം. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് ബ്ലണ്ടറാണ്. ഒപ്പമുണ്ടായിരുന്ന കുട്ടി അന്ന് ഉണ്ടായിരുന്നില്ല. അവർ എവിടെപ്പോയി? അടിവയറ്റിലെ ചതവും ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതവും എങ്ങനെയുണ്ടായി? വായുടെ അടുത്ത്, കവിളിൽ കണ്ട വെളുത്ത പദാർത്ഥം എന്താണ്? ഗുഹ്യ സ്ഥാനത്തും ഇതുപോലെ ഒട്ടുന്ന പദാർത്ഥം കണ്ടു. ഇതും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഉണ്ട്. ഇതെങ്ങനെ സംഭവിച്ചു? സ്വന്തമായി സിനിമ ചെയ്യാൻ നയന ആരിൽ നിന്നെങ്കിലും പണം വാങ്ങിയിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണമായിരുന്നു. കൊലപാതകം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അകത്തുനിന്ന് വാതിൽ പൂട്ടിയ നിലയിലുള്ള രണ്ട് കൊലപാതകങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല.”- ജോർജ് ജോസഫ് പ്രതികരിച്ചു.

Read Also: കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റിൽ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായി.

പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോൾ. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.

പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന സൂര്യ. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ എന്ന ചിത്രം നയനയാണ് സംവിധാനം ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.

Story Highlights: nayana surya death george joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here