Advertisement

കേന്ദ്ര ബജറ്റ്: റിയൽ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

January 31, 2023
Google News 2 minutes Read

രണ്ടാം എൻ.ഡി.എ സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഫെബ്രുവരി 1 ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഏറെ പ്രതീക്ഷകളോടെയാണ് റിയൽ എസ്റ്റേറ്റ് മേഖല വരാനിരിക്കുന്ന ബജറ്റിനെ നോക്കികാണുന്നത്. മേഖലയുടെ ഭാവിയെ മാറ്റിമറിക്കാൻ കഴിയുന്ന വലിയ പ്രഖ്യാപനങ്ങൾക്കും സുസ്ഥിര വളർച്ചക്കും സഹായകമാകുന്ന തീരുമാനങ്ങളാണ് ഈ മേഖല പ്രതീക്ഷിക്കുന്നത്.

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും റിയൽ എസ്റ്റേറ്റ് മേഖല കരകയറുന്നതേയുള്ളൂ. കഴിഞ്ഞ വർഷം സ്ഥിരത കൈവരിച്ച മേഖല മെച്ചപ്പെട്ട രീതിയിൽ മുന്നേറുകയും ചെയ്തു. അതുകൊണ്ട് അഭിവൃദ്ധിയുടെ പാതയിൽ മുന്നേറുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് ഗതിവേഗം പകരുന്ന പ്രഖ്യാപനങ്ങൾക്കായാണ് ഇത്തവണത്തെ ബജറ്റിൽ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതെന്ന് ദി ബെന്നറ്റ് ആൻഡ് ബെർണാഡ് കമ്പനിയുടെ ചെയർമാനും സ്ഥാപകനുമായ ലിങ്കൺ ബെന്നറ്റ് റോഡ്രിഗസ് പറഞ്ഞു.

‘അതിസമ്പന്നരുടെ പുതിയ വിഭാഗം ആഡംബര ഭവനങ്ങൾ വാങ്ങുന്ന തിരക്കിലായതിനാൽ ഇന്ത്യയിലെ ആഡംബര പാർപ്പിട റിയൽ എസ്റ്റേറ്റ് വിപണി അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഭവനവായ്പ നിരക്കുകളിൽ ഉയർന്ന ഇളവും, മറ്റ് നികുതി ഇളവുകളും നൽകിയാൽ വീട് വാങ്ങുന്നവരുടെയും നിക്ഷേപകരുടെയും വിശാലമായ വിഭാഗത്തെ പ്രോപ്പർട്ടി വാങ്ങുന്നതിന് ആകർഷിക്കും.’- റോഡ്രിഗസ് അഭിപ്രായപ്പെട്ടു.

വരുന്ന പൊതു ബജറ്റിൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിലേക്ക് ഉയർന്ന നിക്ഷേപവും വമ്പൻ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കാമെന്ന് മറ്റ് പ്രതീക്ഷകൾ. വമ്പൻ മെട്രോ നഗരങ്ങളുടേതിന് സമാനമായ നിലവാരത്തിലേക്ക് രണ്ടാം നിര നഗരങ്ങളേയും ഉയർത്താനുള്ള പദ്ധതികൾ വരുന്ന ബജറ്റിൽ ഉൾക്കൊള്ളിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ബിസിനസ് പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി വേഗത്തിൽ അനുമതി നൽകുന്നതിനുള്ള ഏകജാലക സംവിധാനം രൂപീകരിക്കണമെന്ന മേഖലയുടെ ആവശ്യവും പരിഗണിക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.

വ്യക്തിഗത ആദായ നികുതിയുടെ വരുമാന പരിധി ഉയർത്തുകയോ കൂടുതൽ നികുതി കിഴിവ് നൽകുകയോ ചെയ്യുമെന്നാണ് വിലയിരുത്തൽ. വീട് വാങ്ങുന്നവർക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നും കരുതുന്നു. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വ്യാവസായിക പദവി നൽകുമെന്നും വിലയിരുത്തപ്പെടുന്നു. എന്താണ് ഫെബ്രുവരി 1 ന് ധനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കയും ചോദ്യവും.

Story Highlights: Budget 2023 Expectations: ‘Tax Sops And Higher Relief On The Home Loan Rates’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here