ടിക്കറ്റ് തന്നെ വിസ: പദ്ധതി സൗദിയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി

സൗദിയില്‍ നാല് ദിവസത്തേക്കുള്ള പുതിയ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. കഴിഞ്ഞ ദിവസം മുതലാണ് സൗദി എയര്‍ലൈന്‍സ്,ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗജന്യമായി നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയത്. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പേരിലാണ് 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ അനുവദിച്ചുള്ള സേവനം ആരംഭിച്ചത്. (Saudi Arabia Starts Issuing Free 4-Day Stopover Transit Visa)
വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സൗദിയിലേക്ക് വിദേശികള്‍ക്ക് വരാന്‍ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
സൗദി എയര്‍ലൈന്‍സിന്റെയും ഫ്‌ലൈനാസിന്റെയും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിസയ്ക്ക് അപേക്ഷിക്കുവാനുളള ലിങ്ക് വഴി ഇലക്ട്രോണിക് വിസ പേജിലേക്ക് പ്രവേശിക്കാം. അപേക്ഷകന്റെ ഫോട്ടോ അപ് ലോഡ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ വിസ ഇമെയില്‍ വഴി ലഭിക്കും. വിസയുടെ കലാവധി മൂന്ന് മാസമാണ്. എന്നാല്‍ രാജ്യത്തെത്തിയാല്‍ നാല് ദിവസം മാത്രമേ അനുവദിക്കുകയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്കും പുതിയ സംവിധാനം വഴി സൗദിയിലിറങ്ങി രാജ്യം സന്ദര്‍ശിക്കാനും സാധിക്കും.
Story Highlights: Saudi Arabia Starts Issuing Free 4-Day Stopover Transit Visa