Advertisement

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അതിബുദ്ധിമാനായ ബാങ്ക് റോബറി സ്പെഷ്യലിസ്റ്റ്!

February 8, 2023
Google News 2 minutes Read
Bank Robbery Specialist Paresh Ashok Joshy kerala police

അതി വിദഗ്ധമായ തെളിവുകൾ അവശേഷിപ്പിക്കാത്ത ഒരു ബാങ്ക് റോബറി!. പാലക്കാട് ചന്ദ്ര ന​ഗർ മരുത് റോഡ് റൂറൽ കോർപ്പറേറ്റീവ് ബാങ്കിലെ സ്വർണക്കവർച്ച നടന്നത് 2021 ജൂലൈയിലാണ്. ഏഴര കിലോ ​സ്വർണവും 30000 രൂപയും മോഷണം പോയ കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസെത്തി ബാങ്കിലും സമീപത്തുമൊക്കെ അരിച്ചു പെറുക്കിയിട്ടും പേരിന് പോലും ഒരു തുമ്പ് ലഭിക്കാതിരുന്ന കേസാണിത്.

ബാങ്കിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഒരു കടയുടെ സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഇന്നോവയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണം ചെന്നുനിന്നത് മഹാരാഷ്ട്രയിലായിരുന്നു. അങ്ങനെ കേരള പൊലീസ് രണ്ട് പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനങ്ങളിലായി മഹാരാഷ്ട്രയിലെത്തിയാണ് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പരേഷ് അശോക് ജോഷിയെന്ന അതിബുദ്ധിമാനായ പ്രതിയെ പിടികൂടിയത്.

2021 ജൂലൈ 23 വെള്ളിയാഴ്ച്ചയാണ് ചന്ദ്ര ന​ഗർ കോ ഓപ്പറേറ്റീവ് ബാങ്ക് പൂട്ടി ജീവനക്കാർ വീടുകളിലേക്ക് മടങ്ങിയത്. ശനിയും ഞായറുമുള്ള അവധി ദിനം കഴിഞ്ഞ് തിങ്കളാഴ്ച്ച ജീവനക്കാർ ബാങ്കിലെത്തിയപ്പോഴേക്കും നഷ്ടമായത് ഏഴര കിലോ സ്വർണവും 30000 രൂപയും. ഒന്നിനും ഒരു തെളിവുമില്ല. ബാങ്കിലെ സിസിടിവി കണക്ഷനുകളെല്ലാം വിഛേദിക്കപ്പെട്ട നിലയിലായിരുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കയറുവാനുള്ള സ്റ്റെയറിന് സമീപത്തെ ​ഗ്രില്ല് പൊട്ടിച്ച ശേഷമാണ് പരേഷ് അകത്തു കയറുന്നത്.

Read Also: ബാങ്ക് കവർച്ചാ പ്രാങ്ക്; ഇരട്ടകളായ ടിക്ടോക് താരങ്ങൾക്ക് 4 വർഷത്തെ തടവ്

തുടർന്ന് ബാങ്കിന്റെ മൂന്ന് ഷട്ടറുകളിൽ ഒരെണ്ണം തകർത്തു. ഷട്ടറിന് ഉള്ളിലെ ഫാബ്രിക്കേഷൻ ​ഗ്ലാസ് ഒരാൾക്ക് കടക്കാൻ പാകത്തിന് മുറിച്ചാണ് അകത്തുകയറി മോഷണം നടത്തിയത്. രാത്രി 9 മണി മുതൽ വെളുപ്പിന് നാലര വരെയുള്ള സമയത്താണ് പരേഷ് ബാങ്ക് കൊള്ളയടിച്ചത്.
യാതൊരു തെളിവും അവശേഷിപ്പിക്കാതെ എത്രയൊക്കെ സൂക്ഷ്മതയോടെ കുറ്റകൃത്യങ്ങൾ നടത്തിയാലും ദൈവത്തിന്റെ കയ്യൊപ്പ് പോലെ ഒരു തെളിവെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാകും എന്നാണ് പറയാറ്.

അങ്ങനെ ബാങ്കിൽ നിന്നും 7 കിമീ അകലെയുള്ള ഒലവക്കോടുള്ള ലോഡ്ജിന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു ഇന്നോവ കാറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ബാങ്കിന്റെ അരക്കിലോമീറ്റർ അകലെയുള്ള കടയുടെ സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കണ്ട അതേ ഇന്നോവ തന്നെയാണ് ഇതുമെന്ന കണ്ടെത്തലോടെയാണ് മഹാരാഷ്ട്രക്കാരനെപ്പറ്റിയുള്ള ആദ്യ സൂചന ലഭിക്കുന്നത്.

ലോഡ്ജിന് സമീപത്ത് നിന്ന് ഒരാൾ സാവധാനത്തിൽ നടന്നെത്തി ഇന്നോവ കാറിൽ കയറി പോകുന്ന നിർണായക ദൃശ്യങ്ങളായിരുന്നു അത്. ആ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള നാഷിക് സ്വദേശിയുടെ വാഹനമാണെന്ന് വ്യക്തമാകുന്നത്. പരേഷ് ഒലവക്കോടുള്ള ലോഡ്ജിൽ നൽകിയ മൊബൈൽ നമ്പർ ട്രൈസ് ചെയ്താണ് ഇയാളുടെ സഞ്ചാരത്തെപ്പറ്റി മനസിലാക്കുന്നത്.

കേരളത്തിന്റെ ഏതൊക്കെ ഭാ​ഗങ്ങളിലൂടെയാണ് ഇന്നോവ അതിർത്തി കടന്നതെന്നാണ് ആദ്യം പരിശോധിച്ചത്. ഈ വാഹനത്തിൽ വന്നയാൾ തന്നെയാണ് ഒലകക്കോടുള്ള ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് വ്യക്തമായതോടെ പൊലീസ് പ്രതിയെ പിടികൂടാനുള്ള പ്ലാനിങ്ങും ആരംഭിച്ചു. ലോഡ്ജിൽ ഇയാൾ നൽകിയ ഫോൺ നമ്പറിന്റെ ഡീറ്റെയിൽസ് നോക്കിയപ്പോൾ കളവ് നടന്നതിന് തൊട്ട് മുൻപായി ആ നമ്പർ സ്വിച്ച് ഓഫായി എന്ന വിവരം ലഭിച്ചു. ടോളുകളുടെ ഡീറ്റെയിൽസ് എടുത്തപ്പോഴാണ് ഇന്നോവ കാർ തിരികെ മഹാരാഷ്ട്രയിൽ എത്തിയെന്ന് വ്യക്തമാകുന്നത്. അങ്ങനെയാണ് 12 പേരടങ്ങിയ സംഘം രണ്ട് പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനത്തിൽ മഹാരാഷ്ട്രയിലേക്ക് തിരിക്കുന്നത്.

സിഐമാരായ രാജീവ്, മാത്യൂ, എസ്ഐ ഷാഹുൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉവൈസുദ്ദീൻ, കൃഷ്ണദാസ്, രാജീദ്, ദിലീപ് എന്നിവരുടെ സംഘമാണ് സത്താറയിൽ പോയി പ്രതിയെ പിടികൂടിയത്. പരേഷ് അശോക് ജോഷിയെ പിടികൂടുന്ന സമയത്ത് അയാൾക്കൊപ്പം മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സ്വർണ വ്യാപാരികളും ഉൾപ്പടെ ആറ് പേരാണ് ഉണ്ടായിരുന്നത്. കേരള പൊലീസ് സംഘത്തെ ഒരിക്കലും പരേഷ് അവിടെ പ്രതീക്ഷിച്ചിരുന്നില്ല. ഓടി രക്ഷപ്പെടാൻ നോക്കിയ പരേഷിനെ ബലപ്രയോ​ഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അപ്പോഴാണ് മറ്റൊരു ബാങ്ക് റോബറിയുടെ കൂടെ ചുരുളഴിയുന്നത്. 22 വർഷം മുമ്പ് കോഴിക്കോടുള്ള മൂത്തൂറ്റിലെ ബ്രാഞ്ചിൽ നിന്ന് 20 കിലോ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ തന്നെയാണ് പരേഷ്. അന്ന് പൊലീസ് തല കുത്തി നിന്നിട്ടും പിടികൂടാനാവാത്ത പ്രതിയെയാണ് ഈ കേസിൽ ഇത്രയധികം പണിപ്പെട്ട് പിടികൂടുന്നത്. കവർച്ച കഴിഞ്ഞ് ​ഗോൾഡ് വിറ്റ് കാശാക്കിയ ശേഷം പേരും സ്ഥലവും മാറ്റിപ്പറഞ്ഞ് ഇന്ത്യയുടെ വിവിധയിടങ്ങളിൽ കഴിയുകയായിരുന്നു പരേഷ്.

വാലും തലയുമില്ലാത്ത ഈ മോഷണക്കേസ് കേരള പൊലീസ് തെളിയിച്ചത് വെറും 13 ദിവസങ്ങൾ കൊണ്ടാണ്. ബാങ്ക് റോബറിക്ക് ശേഷം ഇത്രയും വേ​ഗം പ്രതിയെ പിടികൂടുന്നത് വളരെ അപൂർവമാണ്.

Story Highlights: Bank Robbery Specialist Paresh Ashok Joshy kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here