പഞ്ചാബിനായി ലൂക്ക മാജ്‌സൻ തിളങ്ങി; ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചയായ രണ്ടാം തോൽവി

ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. റൌണ്ട് ഗ്ലാസ് പഞ്ചാബ് എതിരെ തോൽവി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. പഞ്ചാബ് ക്ലബിന് വേണ്ടി തിളങ്ങിയത് ഗോകുലം കേരളയുടെ മുൻ താരമായ ലൂക്ക മാജ്‌സൻ. ഗോകുലത്തിന്റെ പ്രതിരോധ താരം പവൻ കുമാറിന്റെ പിഴവിൽ റൌണ്ട് ഗ്ലാസ് പഞ്ചാബ് ലീഡ് എടുക്കുന്നതിന് കാരണമായതും പിന്നീട് ടീമിന്റെ രണ്ടാം ഗോൾ നേടിയതും ലൂക്ക മാജ്‌സനാണ്. വിജയത്തോടുകൂടി ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൻ എഫ്‌സിക്ക് തുല്യമായ പോയിന്റ് നിലയിലെത്തി പഞ്ചാബ് എഫ്‌സി. RoundGlass Punjab edge Gokulam Kerala on I league
സസ്പെൻഷൻ മൂലം കഴിഞ്ഞ മത്സരം കളിയ്ക്കാൻ സാധിക്കാതിരുന്ന രാഹുൽ രാജുവിന്റെ തിരിച്ചുവരവായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. ഗോകുലത്തിന്റെ ജനുവരി മാസത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു രാഹുൽ. ആദ്യ പകുതിയിൽ ഗോകുലത്തിന്റെ ആക്രമണം പഞ്ചാബ് എഫ്‌സിയുടെ പ്രതിരോധ നിരയിൽ തട്ടി തകർന്നു. മലബാരിയൻസിന്റെ വിങ്ങർ ശ്രീക്കുട്ടൻ വി.എസ് ആയിരുന്നു ആദ്യ പകുതിയിൽ വിങ്ങിലൂടെയുള്ള ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. പക്ഷെ ലഭിച്ച രണ്ട് സുവാരണാവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല.
Read Also: കങ്കാരുക്കളെ കറക്കി വീഴ്ത്തി ഇന്ത്യ; ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 177 റണ്ണുകളിൽ ഒതുങ്ങി
ആദ്യ പകുതിയിൽ പരുക്കേറ്റ ശ്രീക്കുട്ടനെ പിൻവലിച്ച് സൗരവിനെ കളിക്കളത്തിൽ എത്തിക്കുകയായിരുന്നു. അൻപത്തിയൊന്നാം മിനുട്ടിൽ ബികാസിന്റെ അളന്ന് മുറിച്ച ക്രോസ്സ് സെർജിയോ ഇഗ്ലേസിയസ് നഷ്ടപ്പെടുത്തി. ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതിരുന്നതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഫർഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയത്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സമനില കുരുക്കിൽ കുഴങ്ങിയ പഞ്ചാബ് എഫ്‌സിയെ ഇന്ന് വിജയത്തിലേക്ക് നയിച്ചത് ഗോകുലം കേരളയുടെ കഴിഞ്ഞ വർഷത്തെ ടോപ് സ്‌കോറർ ലൂക്ക മാജ്‌സൻ ആയിരുന്നു. ലൂക്ക മാജ്സന്റെ ഗോൾ പിറന്നത് ഗോകുലം കേരളയുടെ പ്രതിരോധ താരം പിഴവിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ലൂക്കയെ തടയാൻ ശ്രമിച്ച പവൻ കുമാറിന്റെ കാലുകളിൽ തട്ടി പന്ത് ഗോൾ വര കടക്കുകയായിരുന്നു.
അറുപത്തിയൊമ്പതാം മിനുട്ടിൽ വീണ്ടും ലൂക്ക മജ്‌സെൻ വല കുലുക്കി. കോർണറിൽ നിന്ന് വന്ന പന്ത് ഗോകുലം ഗോൾകീപ്പർ ഷിബിൻ രാജ് തട്ടിയകറ്റിയെങ്കിലും ബോക്സിനു മുന്നിൽ കഴുകൻ കണ്ണുകളാൽ കാത്തിരുന്ന ലുക്കാ വലയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച മുഹമ്മദൻ എഫ്‌സിക്ക് എതിരെ കൊൽക്കത്തയിൽ വെച്ചാണ് ഗോകുലം കേരള എഫ്‌സിയുടെ അടുത്ത മത്സരം.
Story Highlights: RoundGlass Punjab edge Gokulam Kerala on I league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here