Advertisement

ബുംറ ഐപിഎൽ കളിക്കാൻ മാത്രം മാച്ച് ഫിറ്റാവുന്ന താരമോ?; സമൂഹമാധ്യമങ്ങളിലെ വെറുപ്പ് നറേറ്റിവുകളുടെ സത്യാവസ്ഥ

February 16, 2023
Google News 2 minutes Read
jasprit bumrah match fitness

ഇന്ത്യൻ ക്രിക്കറ്റ് പേസർ ജസ്പ്രീത് ബുംറ ഐപിഎലിൽ കളിക്കാനായി മാത്രം പരുക്കേൽക്കുന്ന താരമെന്നതാണ് ആരോപണങ്ങൾ. ഇപ്പോഴല്ല, ഏറെക്കാലമായി ഈ ആരോപണമുണ്ട്. എന്നാൽ, ഈ ആരോപണങ്ങളൊക്കെ വ്യക്തിവിരോധം കൊണ്ടോ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഫാൻ ഫൈറ്റുകൾ കൊണ്ടോ മാത്രം ഉണ്ടായിട്ടുള്ള നറേറ്റിവുകൾ മാത്രമാണ്. ഐപിഎൽ നടക്കുമ്പോൾ പരുക്കില്ലെങ്കിൽ കളിക്കുക എന്നത് തന്നെയാണ് യുക്തി. കളിക്കാൻ വേണ്ടിത്തന്നെയാണ് കോടികൾ ശമ്പളം നൽകി ഏത് താരത്തെയും അതാത് ഫ്രാഞ്ചൈസി ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒളി ക്യാമറ ആരോപണത്തിൽ കുടുങ്ങിയ ചേതൻ ശർമ പറഞ്ഞ കാര്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അത്ര ശ്രദ്ധ കൊടുക്കാതിരുന്ന ഒരു പ്രസ്താവനയുണ്ടായിരുന്നു. ബുംറയ്ക്ക് സാരമായ പരുക്കാണ്. ലോകകപ്പിൽ ഒരു പന്തെങ്കിലും എറിഞ്ഞിരുന്നെങ്കിൽ ഏറെക്കാലം അദ്ദേഹം പുറത്തിരുന്നേനെ എന്ന്. ഈ പ്രസ്താവനയിൽ നിന്ന് തന്നെ അദ്ദേഹത്തിൻ്റെ പരുക്കിൻ്റെ ഗൗരവമറിയാം. (jasprit bumrah match fitness)

2016ലാണ് ബുംറ ഇന്ത്യക്കുവേണ്ടി അരങ്ങേറുന്നത്. അതിനു ശേഷം ഇന്നുവരെ ഇന്ത്യക്കായി ഏറ്റവുമധികം ഓവറുകൾ പന്തെറിഞ്ഞ താരങ്ങളിൽ മൂന്നാമതാണ് ബുംറ. ഇക്കാലയളവിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാമത്. ഈ രണ്ട് പട്ടികയിലും അശ്വിനാണ് ഒന്നാമത്. ഇക്കാലയളവിൽ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച ബൗളർ ബുംറയാണ്. 162 മത്സരങ്ങളിൽ നിന്ന് 319 വിക്കറ്റുകളാണ് ഇക്കാലയളവിൽ ബുംറയ്ക്കുള്ളത്. ഓസീസിലും ഇംഗ്ലണ്ടിലും പോയി ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ബൗളിംഗ് നിരയിലുണ്ടായിരുന്ന ജസ്പ്രീത് ബുംറ എന്ന 29കാരൻ നൽകിയ സംഭാവനകൾ ചില്ലറയല്ല. ഇക്കഴിഞ്ഞ ടി-20 ലോകകപ്പ് ഒഴികെ അരങ്ങേറിയതിനു ശേഷം നടന്ന എല്ലാ ഐസിസി ഇവൻ്റുകളും കളിച്ച് അതിലൊക്കെ മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണ് ബുംറ.

Read Also: വനിതാ പ്രീമിയർ ലീഗ്: ലേലത്തിൽ സ്കോർ ചെയ്ത് ബാംഗ്ലൂരും ഡൽഹിയും; കാലിടറി മുംബൈ

ബുംറയുടെ പരുക്കുകൾ അസാധാരണ ബൗളിംഗ് ആക്ഷൻ കൊണ്ട് ഉണ്ടാവുന്നതാണ്. അത് മുൻപും പലരും പറഞ്ഞതാണ്. അങ്ങനെ ഇഞ്ചുറി പ്രോൺ ആയ ഒരു ബൗളർ, മൂന്ന് ഫോർമാറ്റിലെയും സുപ്രധാന താരങ്ങളിൽ ഒരാളാവുമ്പോൾ സ്വാഭാവികമായും വർക്ക്ലോഡ് കൂടുകയും പരുക്കേൽക്കുകയും ചെയ്യും. അത് മനസിലാക്കാൻ വലിയ ക്രിക്കറ്റ് ബുദ്ധിയൊന്നും വേണ്ട. ഇന്ത്യ പ്രൊഡൂസ് ചെയ്ത ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളും നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറുമായ ബുംറയുടെ പ്രകടനങ്ങളെയൊക്കെ റദ്ദ് ചെയ്യുന്നതാണ് സമൂഹമാധ്യമങ്ങളിലെ നറേഷനുകൾ. പേസർമാർക്ക് പരുക്ക് പറ്റുക സാധാരണയാണ്. ഇഞ്ചുറി സാധ്യത ഏറ്റവും കൂടുതലുള്ളത് ഫാസ്റ്റ് ബൗളർമാർക്കാണ്. അതിൽ തന്നെ ബുംറയെപ്പോലെ ബൗളിംഗ് ആക്ഷനുള്ള ഒരാൾക്ക് പരുക്കുപടാനുള്ള സാധ്യത വളരെ കൂടുതലും. അതൊന്നും പരിഗണിക്കാതെയാണ് ബുംറ തൻ്റെ ഫ്രാഞ്ചൈസിയോട് മാത്രം കൂറുപുലർത്തുന്നയാളാണെന്നും ഇന്ത്യക്കായി കളിക്കാൻ താത്പര്യമില്ലെന്നുമുള്ള വെറുപ്പ് ഒരു മടിയുമില്ലാതെ ചിലർ പുറന്തള്ളുന്നത്.

Story Highlights: jasprit bumrah match fitness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here