‘രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണം’; പ്രജ്ഞ സിംഗ് താക്കൂർ

രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു എന്നും പ്രജ്ഞ സിംഗ് പറയുന്നു. പാർലമെൻ്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം. (rahul gandhi pragya singh)
“അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾ കരുതുന്നു.”- പ്രജ്ഞ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറയുന്നു. “ഒരു വിദേശരാജ്യത്തേക്ക് പോയി പാർലമെൻ്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങൾ പറയുന്നു. അതിനെക്കാൾ നാണക്കേടില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ അവസരം നൽകരുത്. രാജ്യത്തുനിന്ന് പുറത്താക്കണം. കോൺഗ്രസ് അവസാനിക്കാറായി. ഇപ്പോൾ അവരുടെ ചിന്തയും താറുമാറായിരിക്കുന്നു.”- പ്രജ്ഞ സിംഗ് എഎൻഐയോട് പറഞ്ഞു.
Read Also: രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാവാത്തതിനാൽ; അധിക്ഷേപവുമായി ബിജെപി നേതാവ്
കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ രംഗത്തുവന്നിരുന്നു. കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് എന്ന് നളിൻ കുമാർ അധിക്ഷേപിച്ചു. ബിജെപിയുടെ സങ്കല്പ് യാത്രയുടെ ഭാഗമായി പൊതുപരിപാടിയിൽ സംസാരിക്കവെ കർണാടക എംഎൽസി മഞ്ജുനാഥിനെ ഉദ്ധരിച്ചാണ് ബിജെപി നേതാവിൻ്റെ വിവാദ പരാമർശം.
‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണെന്ന് എംഎൽസി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞു.’-നളിൻ കുമാർ പറഞ്ഞു.
നളിൻ കുമാറിൻ്റെ അധിക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു. നളിൻ്റെ അസുഖവും ബുദ്ധിമാന്ദ്യവും പാർട്ടിയിലാകെ പടരുകയാണ്. ബിജെപി എത്രയും വേഗം രോഗമുക്തി പ്രാപിക്കട്ടെ എന്നും പ്രിയങ്ക് കുറിച്ചു.
Story Highlights: rahul gandhi thrown out pragya singh thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here