Advertisement

ബ്രഹ്മപുരം ആരോഗ്യ സര്‍വേ ആരംഭിച്ചു, 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു

March 14, 2023
Google News 2 minutes Read
Brahmapuram Health Survey was started and data of 1576 people were collected

ബ്രഹ്മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീര്‍ഘവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മന്ത്രി മറുപടി നല്‍കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ല എന്ന് താന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. ഇന്ന് വൈകുന്നേരം വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതില്‍ 13 ഗര്‍ഭിണികള്‍, 10 കിടപ്പ് രോഗികള്‍, 501 മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ആരോഗ്യ സര്‍വേ നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. മൂന്ന് ട്രെയിനിങ് പ്രോഗ്രാമുകളിലായി 148 ആശ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പരിശീലനം നല്‍കി. ഇതോടെ രണ്ടു ദിവസങ്ങളിലായി 350 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. നിലവില്‍ സഹായം ആവശ്യമുള്ളവരെ ഉടന്‍ കണ്ടെത്തി സേവനങ്ങള്‍ നല്‍കുന്നതിനും കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടര്‍ നിരീക്ഷണങ്ങളും സേവനങ്ങളും നല്‍കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്.

എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 6 മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 544 പേര്‍ക്ക് സേവനം നല്‍കി.

Story Highlights: Brahmapuram Health Survey was started and data of 1576 people were collected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here