ബ്രഹ്മപുരത്ത് ഇന്ന് വൈകുന്നേരമുണ്ടായ തീപിടിത്തം പെട്ടെന്ന് തന്നെ അണയ്ക്കാനായി, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി എം.ബി രാജേഷ്

ബ്രഹ്മപുരത്ത് ഇന്ന് വൈകുന്നേരമുണ്ടായ തീപിടുത്തം പെട്ടെന്ന് തന്നെ അണയ്ക്കാനായെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാർച്ച് പന്ത്രണ്ടാം തീയതി തീ പൂർണമായി അണച്ച സന്ദർഭത്തിൽ തന്നെ, ചെറിയ തീപിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നു. ( Brahmapuram fire MB Rajesh Facebook post ).
Read Also: ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ വാഹനം നാട്ടുകാർ തടഞ്ഞു; കോർപ്പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഉമാ തോമസ്
ഇക്കാര്യം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ സന്ദർഭത്തിലും സൂചിപ്പിച്ചിരുന്നു. ആ സാധ്യത മുൻകൂട്ടി കണ്ട്, സർക്കാർ ആവശ്യമായ മുൻകരുതൽ അന്നുമുതൽ തന്നെ സ്വീകരിച്ചിരുന്നു. ആവശ്യത്തിന് അഗ്നിശമന യൂണിറ്റുകളും ഹിറ്റാച്ചികളും അവിടെ നിലനിർത്തിയിരുന്നു. അതുകൊണ്ടാണ് ഇന്ന് നാല് മണിയോടെ തീപിടുത്തമുണ്ടായപ്പോൾ, പത്ത് മിനുട്ടിനകം തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനായതും, ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ തീ പൂർണമായി അണയ്ക്കാനായതും.
ഉയർന്ന ചൂടും മീഥെയ്ൻ പോലുള്ള വാതകങ്ങൾ ഉണ്ടാവുന്നതും ചെറിയ തീപിടുത്തങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതുകൊണ്ടാണ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. തീ ഇപ്പോൾ പൂർണമായി അണച്ചുകഴിഞ്ഞു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല, അതീവ ജാഗ്രത അവിടെ തുടരുന്നുണ്ട്.
Story Highlights: Brahmapuram fire MB Rajesh Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here