‘ക്യാൻസർ അതിജീവിതയാണ് ഞാൻ, ഏറെ സാമ്പത്തിക പ്രതിസന്ധിയുണ്ട്’; അഖില എസ് നായർ ട്വന്റിഫോറിനോട്

ശമ്പളം ലഭിക്കാത്തതിൽ ബാഡ്ജ് കുത്തി പ്രതിഷേധം നടത്തിയ കെഎസ്ആർടിസി കണ്ടക്ടർ അഖില എസ് നായർ പ്രതികരണവുമായി ട്വന്റിഫോറിനോട്. പ്രതിഷേധം സ്ഥാപനത്തെ കളങ്കപ്പെടുത്താൻ വേണ്ടി ആയിരുന്നില്ലെന്ന് അഖില ട്വന്റിഫോറിനോട് പറഞ്ഞു. ശമ്പളം ലഭിക്കാത്തതിലെ പ്രതിഷേധമാണ് കുറിപ്പിലൂടെ അറിയിച്ചത്. ( akhila s nair ksrtc conductor )
‘വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. മരുന്നുൾപ്പെടെ വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്’- അഖില പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാന മാർഗം തന്റെ ശമ്പളമാണെന്ന് അഖില ട്വന്റിഫോറിനോട് പറഞ്ഞു. ‘ഞാൻ ഒരു ക്യാൻസർ അതിജീവിതയാണ്. പത്ത് വർഷത്തോളം ഓപറേഷൻ, കീമോ, മരുന്ന് എന്നിവയ്‌ക്കെല്ലാം വലിയ ചെലവുകൾ ഉണ്ടായിരുന്നു. കുടുംബ ബജറ്റ് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ട് കൊണ്ടുപോയിരുന്നത്’- അഖില പറഞ്ഞു. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഒരു ധാരണ പോലും ഇല്ലാതെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് അഖില പറഞ്ഞു. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ഡ്യൂട്ടി തടസപ്പെടുത്താതെ സമാധാനപരമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരുന്നത്.
പതിമൂന്ന് വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ് അഖില. വൈക്കത്താണ് അഖിലയുടെ വീട്. വൈക്കം ഡിപ്പോയിൽ തന്നെയാണ് അഖിലയ്ക്ക് ജോലിയും ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധിച്ചതിന്റെ പേരിൽ പാല യൂണിറ്റിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്. അൻപത് കിലോമീറ്റർ ധൂരമുണ്ട് നിലവിൽ അഖിലയ്ക്ക് വീട്ടിലേക്ക്.
Story Highlights: akhila s nair ksrtc conductor