അഞ്ചടിച്ച് എടികെ മോഹൻ ബഗാൻ; സൂപ്പർ കപ്പിൽ ഗോകുലം കേരളക്ക് തോൽവി

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളം എഫ്‌സിക്ക് തോൽവി. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാൻ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്. മോഹൻ ബഗാന് വേണ്ടി ലിസ്റ്റൻ കൊളാക്കോ ഇരട്ട ഗോളുകൾ നേടി. കൂടാതെ, ഹ്യൂഗോ ബൗമസ്, മൻവീർ സിംഗ്. കിയാൻ നാസിരി എന്നിവരും മോഹൻ ബഗാന് വേണ്ടി ലക്ഷ്യം കണ്ടു. സെർജിയോ ഇഗ്ലേഷ്യസാണ് ഗോകുലം കേരളയുടെ ആശ്വാസ ഗോൾ നേടിയത്. വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാമതായി എടികെ മോഹൻ ബഗാൻ. ATK Mohun Bagan won Gokulam Kerala Super Cup
മത്സരം തുടങ്ങി ആറാമത്തെ മിനുട്ടിൽ ലിസ്റ്റൻ കൊളാക്കോ എടികെ മോഹൻ ബഗാന് ലീഡ് നൽകി. ഹ്യൂഗോ ബൗമസ് നൽകിയ പന്ത് തന്റെ ട്രേഡ്മാർക്ക് ഷോട്ടിലൂടെ ലിസ്റ്റൻ വലയിലെത്തിക്കുകയായിരുന്നു. 27-ാം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്ന് കിടിലൻ ലോങ്ങ് റേഞ്ചറിലൂടെ ലിസ്റ്റൻ കൊൽക്കത്തൻ ക്ലബ്ബിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കിയാൻ നാസിരി നൽകിയ പന്ത് ഹ്യൂഗോ ബൗമസ് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 3-0. രണ്ടാം പകുതിയിൽ 63-ാം മിനുട്ടിൽ മോഹൻ ബഗാന്റെ നാലാമത്തെ ഗോൾ മൻവീർ കൂടി നേടിയതോടെ ഗോകുലം നിര പൂർണമായും തകർന്നു. എങ്കിലും കെടാതിരുന്ന പോരാട്ടത്തിന്റെ കനലിലാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ സെർജിയോ ഇഗ്ലേഷ്യസ് നേടുന്നത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ കിയാൻ നാസിറി മോഹൻ ബഗാന്റെ അഞ്ചാമത്തെ ഗോളും നേടി സ്കോർ ചാർട്ടിൽ പേരെഴുതി ചേർത്തു
ഗോകുലം കേരളയുടെ അടുത്ത മത്സരം എഫ്‌സി ഗോവക്ക് എതിരെയാണ്. ഏപ്രിൽ പതിനാലിന് വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം. ഗ്രൂപ്പിൽ ജേതാക്കളായി ഗോകുലം കേരളക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കണമെങ്കിൽ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നിർണായകമാണ്. കൂടാതെ, മോഹൻ ബഗാൻ അടുത്ത മത്സരങ്ങളിൽ തോൽവി നേരിടുകയും വേണം.
Stoy Highlights: ATK Mohun Bagan won Gokulam Kerala Super Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here