ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർധിച്ചു വരുന്നതയായുള്ള റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി

ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർധിച്ചു വരുന്നതയായുള്ള റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. ( The President expresses concern on reports of increased persecution of Christians in India )
ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആർച്ച് ബിഷപ്പ് അനിൽ ജെ. ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ബൈബിളിന്റെ ഒരു കോപ്പി, പോപ് ഫ്രാൻസിസ് ആശിർവദിച്ച ക്രിസ്തുവിന്റെ രൂപം എന്നിവ രാഷ്ട്രപതിക്ക് സംഘം സമ്മാനിച്ചു.
ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. താൻ ഒഡീഷയിലും ഝാർഖണ്ഡിലും പ്രവർത്തിച്ചിരുന്ന കാലത്ത് പ്രദേശത്തെ കന്യാസ്ത്രീ സമൂഹവും സഭാംഗങ്ങളും നടത്തിയ സാമൂഹ്യ സേവനങ്ങളെ കുറിച്ച് രാഷ്ട്രപതി ഓർമിച്ചു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവർ നടത്തിയ സംഭാവനകളെ പ്രകീർത്തിച്ചു.
ഉത്തർ പ്രദേശ് , ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. പ്രതിനിധി സംഘത്തിന്റെ പരാതികളിൽ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകി. ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഉറപ്പ് നൽകുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു. ഒഡിഷ ക്രൂരമായി കൊലചെയ്യപ്പെട്ട ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെ രാഷ്ട്രപതി അനുസ്മരിച്ചതായും , ക്രിസ്ത്യൻ വിഭാഗം രാജ്യത്തിനു നൽകിയ സംഭാവനകളെ അഭിനന്ദിച്ചതായും പ്രതിനിധി സംഘം അറിയിച്ചു.
Story Highlights: The President expresses concern on reports of increased persecution of Christians in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here