റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടി; കെ. സുധാകരൻ
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻറെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടർച്ചയായി ഉണ്ടാകുന്ന സെർവർ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷൻ വിതരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. ( ration shops closed K Sudhakaran response ).
നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതിൽ പൊതുവിതരണവകുപ്പും സർക്കാരും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പൊതുവിരണ രംഗത്തെ ആശ്രയിക്കുന്ന സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണിത്. രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡൽ റേഷൻ വിതരണം അവതാളത്തിലാക്കിയ സെർവർ തകരാറും അതിനെ തുടർന്നുള്ള ഇ-പോസ് യന്ത്രത്തിന്റെ പണിമുടക്കും പരിഹരിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കുമെന്നും മികച്ച നെറ്റുവർക്ക് കവറേജുള്ള സീം കാർഡ് നൽകി ഇ പോസ് യന്ത്രത്തിൻറെ പ്രശ്നം പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചെങ്കിലും അടിസ്ഥാന പ്രശ്നം ഇതുവരെ പരിഹരിക്കാനായില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Read Also: സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടും; ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും
സാധാരണക്കാർ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. നിലവിൽ ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന റേഷൻ വിതരണത്തിൻറെ പ്രധാന സെവർ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന് പുറത്താണ്. അത് കേരളത്തിലേക്ക് സ്ഥാപിച്ച് വിദഗ്ദ്ധ സാങ്കേതിക സഹായം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും.
സെർവർ തകരാറും റേഷൻ വിതരണം തടസ്സപ്പെടുന്നതുംഒരു തുടർക്കഥയായിട്ടും അതിനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കാത്തത് പരിഹാസ്യമാണ്. സെർവർ പതിവായി തകരാറിലാവുന്നത് ഗുണഭോക്താക്കളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി. സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകളാണുള്ളത്. അടിക്കടി സെർവർ തകരാറാക്കുന്നത് കാരണം പകുതിയിലേറെപ്പേർക്കും ഓരോ മാസത്തേയും വിഹിതം പൂർണ്ണമായും വാങ്ങാൻ സാധിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും. സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
Story Highlights: ration shops closed K Sudhakaran response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here