Advertisement

വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്ന് കോടികള്‍ തട്ടി; മുഖ്യപ്രതി പിടിയില്‍

April 29, 2023
Google News 2 minutes Read
Money stolen from KSFE using fake documents arrest

വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. മഞ്ചേരി സ്വദേശി നിയാസ് അലിയെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ റിട്ടയേഡ് തഹസില്‍ദാര്‍ ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.(Money stolen from KSFE using fake documents arrest)

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് മഞ്ചേരി നറുകര നാലകത്ത് നിയാസ് അലി പിടിയിലാകുന്നത്. കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ ചിട്ടിയില്‍ ചേര്‍ന്ന ശേഷം വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടികള്‍ തട്ടിയെന്നായിരുന്നു കേസ്. വില്ലേജ് ഓഫീസുകളുടെ സീല്‍ നിര്‍മ്മിച്ച ശേഷം വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്ലാന്‍ എന്നിവ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

കട്ടിപ്പാറ വില്ലേജ് ഓഫീസറുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അയച്ചപ്പോഴാണ് വ്യാജ രേഖകളാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ആദ്യം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കെ എസ് എഫ് ഇ അധികൃതര്‍ നടത്തിയ പരിശോധനിയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കെ എസ് എഫ് ഇ നല്‍കിയ പരാതിയില്‍ 12 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ റിട്ടയേഡ് തഹസില്‍ദാര്‍ പയ്യോളി അഭയം വീട്ടില്‍ കെ പ്രദീപ് കുമാര്‍, മലപ്പുറം കാളികാവ് ഉദിരംപൊയില്‍ കിഴക്കേതില്‍ ഷാജഹാന്‍, മൊറയൂര്‍ അരിമ്പ്ര കറുത്തേടത്ത് നാദിര്‍, വയനാട് സുല്‍ത്താന്‍ബത്തേരി പട്ടരുതൊടി മാട്ടാംതൊടുകയില്‍ ഹാരിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിയാസ് അലിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നതെന്നും മറ്റുള്ളവര്‍ സഹായികളാണെന്നും പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Read Also: ഭൂമിയുടെ വ്യാജ പ്രമാണം പണയംവെച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

നിയാസ് അലിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ കാലാവധി കഴിഞ്ഞെങ്കിലും പ്രതി വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. സിം കാര്‍ഡ് മാറ്റി മാറി ഉപയോഗിച്ചതിനാല്‍ അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താനായില്ല. എസ് ഐ അബ്ദുല്‍ റസാഖ്, സീനിയര്‍ സി പി ഒ. എ കെ ലതീഷ്, സി പി ഒ മാരായ നിനീഷ്, ഹനീഷ്, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടി താമരശ്ശേരിയിലെത്തിച്ചത്. കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്ത പ്രതിയെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

Story Highlights: Money stolen from KSFE using fake documents arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here