പ്രഭാസിൻ്റെ രാമചരിതം; ‘ആദിപുരുഷ്’ ട്രെയിലർ പുറത്ത്
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ ട്രെയിലർ റിലീസായിട്ടുണ്ട്. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിയുന്നുണ്ട്. (prabhas adipurush trailer release)
ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാൻ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറിൽ കാണിച്ചിട്ടുണ്ട്.
600 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഓം റൗട്ട് ആണ് സംവിധാനം.
Read Also: ‘ആദിപുരുഷി’ന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി കോടതി
ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്. ദൈവങ്ങളെ അപമാനിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെടുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത് എന്ന് മാളവിക അവിനാഷും കുറ്റപ്പെടുത്തി.
“നമ്മുടെ ദൈവങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാൻ പാടില്ല. ഞാൻ ആദിപുരുഷ് ടീസർ കണ്ടു. വളരെ മോശം. ഹനുമാൻ ജിയുടെ വസ്ത്രങ്ങളെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, ഹനുമാൻ ജിയെ എങ്ങനെയാണ് കാണിച്ചത്? എന്തുകൊണ്ടാണ് അവർ എപ്പോഴും നമ്മുടെ ദൈവങ്ങളെ ഇങ്ങനെ ചിത്രീകരിക്കുന്നത്? എന്തുകൊണ്ട് അവർ മറ്റുള്ള ദൈവങ്ങളെ ഇങ്ങനെ കാണിക്കുന്നില്ല? ധൈര്യമുണ്ടോ? ഇത്തരം സീനുകൾ നീക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ഓം റൗട്ടിന് ഞാൻ കത്തെഴുതാൻ പോവുകയാണ്. നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.”- നരോട്ടം നിശ്ര പറഞ്ഞു.
രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു എന്ന് മാളവിക കുറ്റപ്പെടുത്തി. ‘വാൽമീകി രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ അല്ലെങ്കിൽ ലഭ്യമായ അനേകം രാമായന വ്യാഖ്യാനങ്ങളോ സംവിധായകൻ ഗവേഷണത്തിനായി ഉപയോഗിക്കാത്തതിൽ വിഷമമുണ്ട്. ഇന്ത്യക്കാരനല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമയിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. ഇത് സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ ചെയ്യാനാവില്ല. ആർക്കും ഇത് നിസാരമായി കാണാനാവില്ല. വാർത്താ ഏജൻസിയായ എഎൻഐയോട് മാളവിക പ്രതികരിച്ചു.
Story Highlights: prabhas adipurush trailer release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here