Advertisement

1413 കോടിയുടെ ആസ്തി; മറുകണ്ടം ചാടുന്നവരെ പോലും തിരികെ വരുത്തുന്ന മാജിക്ക്; കോൺഗ്രസിന്റെ കരുത്തനായ ഡികെഎസിന് ഇനി പുതിയ സ്ഥാനങ്ങൾ

May 18, 2023
Google News 3 minutes Read
who is dk shivakumar
  • 1989 മുതൽ പരാജയം രുചിക്കാത്ത കോൺഗ്രസ് നേതാവ്

  • പല പ്രതിസന്ധികളിലും കോൺഗ്രസിന് കരുത്തായ നേതാവ്

സിദ്ധരാമയ്യ മന്ത്രിസഭയിൽ രണ്ടാമനാണെങ്കിലും ഒന്നാമനാണെന്ന തലപ്പൊക്കം നേതൃത്വത്തെ കൊണ്ട് അംഗീകരിപ്പിച്ചാണ് ഡി.കെ ശിവകുമാർ ചുമതലയേൽക്കുന്നത്. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ വഹിച്ച പങ്ക് അരക്കിട്ടുറപ്പിച്ച ശേഷമാണ് ഈ സ്ഥാനാരോഹണം. ( who is dk shivakumar )

കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി ജനിച്ച ഡി കെ ശിവകുമാർ ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. ഏഴ് തവണ നിയമസഭാംഗം, നാല് തവണ കാബിനറ്റ് മന്ത്രി, പിന്നെ കർണാടക പിസിസി പ്രസിഡന്റ്.

1982-ൽ കോൺഗ്രസിൽ ചേർന്നു. മൂന്ന് വർഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ എച്ച്.ഡി.ദേവഗൗഡക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ലെ എം.എൽ.എയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ പരാജയം അറിയാത്ത കോൺഗ്രസ് നേതാവാണ് ഡി.കെ. ശിവകുമാർ. 1989 മുതൽ തുടർച്ചയായി ഏഴുവട്ടമാണ് ഡി.കെ. എം.എൽ.എയായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. നിരവധി തവണ മന്ത്രിസ്ഥാനവും ഡി.കെ.യെ തേടിയെത്തി. തുടർന്ന് 2004 വരെ സത്തന്നൂരിനെ പ്രതിനിധീകരിച്ചു. 2008-ൽ മണ്ഡല പുനർനിർണയത്തെ തുടർന്ന് കനകപുരയിലേക്ക് മാറിയ ശിവകുമാർ 2008മുതൽ തുടർച്ചയായി മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Read Also: കര്‍ണാടകയില്‍ മലയാളി മന്ത്രി? കെ ജെ ജോര്‍ജിന് മന്ത്രിസഭയില്‍ സുപ്രധാന സ്ഥാനമുണ്ടായേക്കുമെന്ന് സൂചന

2018-ൽ കർണാടകയിൽ 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ശിവകുമാറായിരുന്നു. ഒടുവിൽ 2019 വരെ നീണ്ടു നിന്ന സഖ്യസർക്കാരിൽ 80 പേരുള്ള കോൺഗ്രസ് എം.എൽ.എമാർ 37 പേരുള്ള ജനതാദൾ സെക്യുലർ പാർട്ടിക്ക് പിന്തുണ നൽകി സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 2017-ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള 42 എം.എൽ.എമാരെ ബാംഗ്ലൂരിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈ എടുത്തതും ഡി കെ ശിവകുമാറാണ്.

2017-ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിക്കാൻ ഇത് കാരണമായി. കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധിയുമായും മകൻ രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തുന്ന ശിവകുമാർ കർണാടകയിലെ ശക്തനായ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.

പിഴയ്ക്കാത്ത കണക്കുകൂട്ടലുകളുടെ രാജാവ്

ശിവകുമാറിന്റെ പിഴയ്ക്കാത്ത കണക്കു കൂട്ടലുകളും സന്ധികളും കോൺഗ്രസിനെ കർണാടകയിൽ മാത്രമല്ല രക്ഷിച്ചിട്ടുള്ളത്. റിസോർട്ട് രാഷ്ട്രീയത്തിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഡി.കെ. ശിവകുമാർ. രാജ്യത്ത് എവിടെയെങ്കിലും കോൺഗ്രസിന് എം.എൽ.എമാർ കൂറുമാറാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ പാർട്ടിയുടെ രക്ഷകൻ ഡി.കെ.യാണ്. ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയതന്ത്രങ്ങൾക്ക് മുന്നിൽ ‘മറുകണ്ടം ചാടാനിരുന്നവർ’ പോലും തിരികെ വന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടങ്ങളിൽ ഡി.കെ.യോളം അനുഭവപരിചയമുള്ളവർ അധികമുണ്ടാകില്ല.

നേതാക്കളെ ഒന്നിച്ചു നിർത്തുന്ന ഡി.കെ.യുടെ മാന്ത്രികതയിൽ കോൺഗ്രസ് ആദ്യമായി വിശ്വാസമർപ്പിച്ചത് 2002-ൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയകളിക്കളത്തിലാണ്. മുൻമുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് അവിശ്വാസ പ്രമേയം നേരിട്ട സന്ദർഭം. അന്ന് കോൺഗ്രസ് എം.എൽ.എമാരെ ആദ്യം റാഞ്ചിയെടുത്ത് ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽ എത്തിച്ചത് ഡി.കെ. ശിവകുമാർ എന്ന രാഷ്ട്രീയതന്ത്രജ്ഞൻ തന്നെ. ഒരാഴ്ചയാണ് ഡി.കെയുടെ മേൽനോട്ടത്തിൽ എം.എൽ.എമാർ എതിർപാർട്ടികൾക്ക് പിടികൊടുക്കാതെ കഴിഞ്ഞത്.

വിടാതെ അഴിമതി ആരോപണങ്ങളും

ഡി.കെ. ശിവകുമാറും കുടുംബവും നിരവധി തവണയാണ് അഴിമതിയാരോപണങ്ങളിൽ കുടുങ്ങിയിട്ടുള്ളത്. അനധികൃത ഖനനവും, ഗ്രാനൈറ്റ് കടത്തും വനനശീകരണവും അടക്കം നിരവധി അനധികൃത ഇടപാടുകളിൽ ഡി.കെ.യുടെ പങ്കുണ്ടെന്ന് ആരോപണമുണ്ട്. സ്വന്തം മണ്ഡലമായ കനകപുരയിലും രാമനഗരത്തിലും നടത്തിയ അനധികൃത ഖനനങ്ങളുടെ പേരിൽ കർണാടക ഹൈക്കോടതി ഡി.കെ. ശിവകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ നോട്ടീസ് പുറപ്പിടുവിച്ചു. വനസംരക്ഷണ നിയമത്തിന് കീഴിൽ കുറ്റം ചുമത്തിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല.

അതേവർഷം തന്നെ ശാന്തിനഗർ ഹൗസിങ് സൊസൈറ്റി കുംഭകോണത്തിൽ 66 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന് ശിവകുമാറിന്റെയും അനിയനും കോൺഗ്രസ് എം.പി.യുമായ ഡി.കെ. സുരേഷിന്റെയും പേരിലും ആരോപണങ്ങളുയർന്നു. പക്ഷേ, അന്നത്തെ കോർപ്പറേഷൻ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് ഡി.കെ. സഹോദരന്മാർക്ക് ക്ലീൻ ചീറ്റ് നൽകി.

2017-ൽ ഗുജറാത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ആദായ നികുതി വകുപ്പ് ഡി.കെ.യുടെ സ്ഥാപനങ്ങളിലും വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ 300 കോടി രൂപ കണ്ടുകെട്ടിയതായാണ് വിവരം. 2019-ലും നികുതി വെട്ടിപ്പിലും സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ഡി.കെ.യെ അറസ്റ്റു ചെയ്തു. രാഷ്ട്രീയമായ പകപോക്കലും ഡികെക്കെതിരായ നീക്കങ്ങൾക്കു പിന്നിലുണ്ടെന്നത് രാഷ്ട്രീയനിരീക്ഷകരെല്ലാം സമ്മതിക്കുന്ന കാര്യമാണ്. വേട്ടയാടലുകളിൽ മടുത്തുവെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുമുണ്ടായി.

സമ്പത്തിലും മുന്നിൽ തന്നെ

നിലവിൽ കനകപുര നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഡി.കെ. ശിവകുമാർ പ്രശസ്തനായത് മറ്റൊരു പേരിലാണ്, രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ നേതാവ്. 1413 കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നാണ് 2023-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി ഡി.കെ. ശിവകുമാർ വെളിപ്പെടുത്തിയത്. 2018-ലും 840 കോടിയുടെ സമ്പാദ്യവുമായി രാജ്യത്തെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു.

ഉപമുഖ്യമന്ത്രി പദവി

തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്.

Story Highlights: Who is DK Shivakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here