Advertisement

മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയ കോൺഗ്രസ് വിട്ടു; വീണ്ടും ബിജെപിയിൽ ചേരും

May 19, 2023
Google News 1 minute Read
Ex-union minister Subhash Maharia quits Congress

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും തിരിച്ചടി. സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കത്തിനിടെയാണ് കോൺഗ്രസ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.

2016 ലാണ് ബിജെപി വിട്ട് സുഭാഷ് മഹാരിയ കോൺഗ്രസിൽ എത്തുന്നത്. സച്ചിൻ പൈലറ്റ് പിസിസി തലവനായപ്പോൾ മഹാരിയയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്തസാരയ്‌ക്കെതിരെ ബിജെപി മഹാരിയയെ മത്സരിപ്പിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മഹാരിയ 1999 ഒക്ടോബർ മുതൽ 2003 ജനുവരി വരെ ഗ്രാമവികസന മന്ത്രിയായിരുന്നു. 2003-2004 ജനുവരി വരെ അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായി. 1998 മുതൽ 2009 വരെ സുഭാഷ് മഹാരിയ ബി.ജെ.പി ടിക്കറ്റിൽ മൂന്ന് തവണ സിക്കാറിൽ നിന്ന് പാർലമെന്റ് അംഗമായി മത്സരിച്ച് വിജയിച്ചു. എന്നാൽ 2009 ൽ മഹാദേവ് സിങ് ഖണ്ഡേലിനോട് പരാജയപ്പെട്ടു. 2014 ൽ മഹാരിയക്ക് ബിജെപി ടിക്കറ്റ് നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ചു.

പിന്നീട് സച്ചിൻ പൈലറ്റിന്റെ നിർദ്ദേശപ്രകാരം മഹരിയ കോൺഗ്രസ് പാർട്ടിയിൽ പ്രവേശിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മഹാരിയയെ സ്ഥാനാർഥിയാക്കിയിരുന്നു. പൈലറ്റിന് പുറമെ അന്നത്തെ എഐസിസി ജനറൽ സെക്രട്ടറി ഇൻചാർജ് ഗുരുദാസ് കാമത്തിനും മുൻ പിസിസി മേധാവി നാരായൺ സിങ്ങിനും മഹറിയയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുണ്ട്. അതേസമയം, പൈലറ്റുമായി അടുപ്പമുള്ള സുഭാഷ് മഹാരിയ വീണ്ടും ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെ സച്ചിൻ പൈലറ്റും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.

Story Highlights: Ex-union minister Subhash Maharia quits Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here