Advertisement

ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ; അമൽ ജ്യോതി കോളജ് അടച്ചിടാൻ തീരുമാനം

June 6, 2023
Google News 2 minutes Read
amal jyoti hostel protest

അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഇതോടെ ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. (amal jyoti hostel protest)

ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്മെൻ്റിൻ്റെ പുതിയ നീക്കം.

Read Also: അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; വിദ്യാർത്ഥികളും മാനേജ്മെൻ്റുമായി നടത്തിയ ചർച്ച പരാജയം

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാർച്ച്‌ നടത്തും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.

കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് ദൃക്‌സാക്ഷി ട്വൻ്റിഫോറിനോട് പ്രതികരിച്ചിരുന്നു. കോളജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്. പിന്നീട്, ഞങ്ങളെ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റർമാർ പരസ്പരം ആംഗ്യം കാണിച്ചു. തുടർന്ന്, മൃതഹേഹം മോർച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.

ശ്രദ്ധ സതീഷിന്റെ മരണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ രംഗത്തുവന്നിരുന്നു. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസിൽ വച്ച് അതിര് വിട്ട് ശകാരിച്ചതായും സഹപാഠികൾ പറയുന്നു. പ്രശ്‌നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് അവർ അറിയിച്ചു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights: amal jyoti college shut hostel protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here