അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയ കേസ്; കെ. വിദ്യ പിടിയിൽ

അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയിരുന്ന കെ. വിദ്യ കസ്റ്റഡിയിലായി. കോഴിക്കോട് മേപ്പയൂരിൽ വച്ച് പാലക്കാട് പൊലീസാണ് വിദ്യയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ഇവരെ പാലക്കാട്ടേയ്ക്ക് കൊണ്ടുപോവുകയാണ്. പാലക്കാട് എസ്.പി ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ( Former SFI activist K Vidya in custody ).
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അതിനിടെയാണ് വിദ്യ പിടിയിലായത്.
അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളാണെന്ന് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നും ബയോഡാറ്റയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് കൊളീജിയറ്റ് സംഘം ഡയറക്ടർക്ക് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്.
കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എഡ്യൂക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here