Advertisement

കൈതോലപ്പായയിൽ സിപിഐഎം നേതാവ് പണം വാങ്ങിയെന്ന ആരോപണം; ജി ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

July 5, 2023
Google News 1 minute Read
g sakthidharan cpim investigation update

കൈതോലപ്പായയിൽ സിപിഐഎം നേതാവ് പണം വാങ്ങിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്ന് ഹാജരാകാൻ ജി ശക്തിധരനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാകും മൊഴി രേഖപ്പെടുത്തുക.

ബെന്നി ബഹന്നാൻ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് പ്രാഥമിക പരിശോധന നടക്കുന്നത്. ബെന്നി ബഹന്നാന്റെ മൊഴിയും ഉടൻ പൊലീസ് രേഖപ്പെടുത്തും. എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. സിപിഐഎം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ്ബുക്കിൽ വ്യക്തമാക്കിയത്.

സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി ജി. ശക്തിധരൻ കഴിഞ്ഞ ദിവസം രംഗത്തുവന്നു. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറിൽ എത്തിച്ച പണത്തിൽ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന വ്യവസായിയാണ് പണം നൽകിയത്. കൈതോലപ്പായയിൽ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാർട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവിൽ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരൻ വ്യക്തമാക്കി.

ടൈംസ്ക്വയർ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയിൽ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരൻ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സിപിഐഎം പ്രൊഫൈലുകളിൽ നിന്ന് ഉയരുന്ന സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരൻറെ കുറിപ്പ്.

Story Highlights: g sakthidharan cpim investigation update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here