Advertisement

‘പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം അപകീർത്തി, രാജ്യദ്രോഹമല്ല’: കർണാടക ഹൈക്കോടതി

July 7, 2023
Google News 2 minutes Read
Abusive Words Against PM Derogatory, Not Seditious_ HC

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമല്ലെന്ന് കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തികരവും നിരുത്തരവാദപരവുമാണ്. എന്നാൽ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്കൂൾ മാനേജ്‌മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമർശം.

തങ്ങൾക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബിദറിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനേജ്‌മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീൻ, അബ്ദുൾ ഖാലിഖ്, മുഹമ്മദ് ബിലാൽ ഇനാംദാർ, മുഹമ്മദ് മഹ്താബ് എന്നിവർക്കെതിരെ ബിദാറിലെ ന്യൂ ടൗൺ പൊലീസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറാണ് ഹർജി പരിഗണിച്ചത്.

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീർത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്. സർക്കാർ നയത്തെ ക്രിയാത്മകമായി വിമർശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

2020 ജനുവരി 21 ന്, 4, 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനും (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരെ നാടകം അവതരിപ്പിച്ചതിന് ശേഷം സ്‌കൂൾ അധികൃതർക്കെതിരെ രാജ്യദ്രോഹത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ‘നാടകം സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് കളിച്ചത്. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ പൊതു അസ്വസ്ഥത സൃഷ്ടിക്കുന്നതിനോ കുട്ടികൾ ശ്രമിച്ചിട്ടില്ല’ – ഹൈക്കോടതി നിരീക്ഷിച്ചു.

Story Highlights: Abusive Words Against PM Derogatory, Not Seditious: HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here