എങ്കിൽ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം മന്ത്രി എന്ന് വിളിക്കൂ; മിത്ത് വിവാദത്തിൽ എംവി ഗോവിന്ദനെ പരിഹസിച്ച് സലിം കുമാർ

മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (salim kumar mv govindan)
സലിം കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.
രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല എന്നായിരുന്നു എംവി ഗോവിന്ദൻ്റെ അഭിപ്രായം. =സിപിഐഎം വിശ്വാസങ്ങൾക്ക് എതിരല്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഐഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ‘രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല’; സിപിഐഎം വിശ്വാസങ്ങൾക്ക് എതിരല്ല; എം വി ഗോവിന്ദൻ
ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ലാസ്റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്.
കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറരുതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Story Highlights: salim kumar fb post mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here