മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം; 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ഡയറക്റ്റർ അജയ് ഭത്നഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
4 പേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംശയമുള്ള 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ആണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്. പിന്നീട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ എന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതികൾ പിടിയിലായ വിവരം മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആണ് എക്സിൽ കുറിച്ചത്. “ഞങ്ങൾക്ക് പ്രതികളെ പിടികൂടാനായില്ല. എന്നാൽ ആഭ്യന്തര മന്ത്രി അമിത് ഷാ സിബിഐ ഉദ്യോഗസ്ഥരെ ഇങ്ങോട്ടേയ്ക്ക് അയച്ചു. സിബിഐ സ്ഥലത്ത് എത്തിയതിന് ശേഷം സംസ്ഥാന പൊലീസിനെക്കൂടാതെ ആർമി, അർദ്ധസൈനിക സേന, അസം റൈഫിൾസ്, എന്നിവയുടെ പിന്തുണയോടെയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത് വലിയ നേട്ടമാണ്”. – മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കുന്നു.
Story Highlights: CBI arrests 4 people in connection with killing of two Manipur youths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here