പാലിയേക്കര ടോൾ പ്ലാസ മാനേജരെ കള്ളക്കേസിൽ കുടുക്കിയ സംഭവം മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന്തെളിയിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്

പാലിയേക്കര ടോൾ പ്ലാസ മാനേജരെ കള്ളക്കേസിൽ കുടുക്കിയ സംഭവം മുൻ വൈരാഗ്യത്തിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. എമർജൻസി പാതയിലൂടെ കടത്തിവിടാത്തതിന് തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ടോൾ പ്ലാസ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യം. കള്ള കേസെടുത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. ( Paliekara toll plaza manager false case 24 exclusive )
പാലിയേക്കര ടോൾ പ്ലാസയിലെ മാനേജരായ മുളന്തുരുത്തി സ്വദേശി ശ്യാം ലാൽ പാർത്ഥസാരഥിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലാണ് നിർണായ ദൃശ്യങ്ങൾ 24 ന് ലഭിച്ചത്. ശ്യാമിനെ അറസ്റ്റ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് പാലിയേക്കര ടോൾ പ്ലാസയിൽ എത്തിയ വനംവകുപ്പിന്റെ തൃശൂർ ഫ്‌ലയിങ് സ്‌ക്വാടംഗങ്ങൾ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യം. എമർജൻസി പാതയിലൂടെ ഉദ്യോഗസ്ഥരെ കടത്തിവിടാഞ്ഞതാണ് തർക്കത്തിന് കാരണമായത്.
രേഖകൾ ഇല്ലാതെ ആനയെ കൊണ്ടുവന്നെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആനയെ തളച്ചെന്നും കാട്ടി ശ്യാം ലാലിനെ ഇതേ ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കിപ്പുറം കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മനപ്പൂർവം അപമാനിക്കൽ ലക്ഷ്യമിട്ട് ടോൾ പ്ലാസയിലും ആമ്പല്ലൂരിലേയുമെല്ലാം റോഡിൽ ഇറക്കി നിർത്തി. ഒരു ദിവസം വനംവകുപ്പിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ ശ്യാമിന് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നിയമസഭാ പെറ്റീഷൻ കമ്മറ്റിക്ക് നൽകിയ പരാതിയിലാണ് സത്യം പുറത്ത് വന്നത്. നിയമസഭ പെറ്റീഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ശ്യാമിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കാട്ടി ക്രൈംബ്രാഞ്ചും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഫ്‌ലയിങ് സ്‌ക്വാഡിലെ 7 ഉദ്യോഗസ്ഥർക്കെതിരെയാണ് വരന്തരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Paliekara toll plaza manager false case 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here