Advertisement

ചരിത്രമെന്ന പേടിസ്വപ്‌നം അദൃശ്യവത്ക്കരിക്കപ്പെട്ടവര്‍ കണ്ടെടുക്കുന്ന വിധം- അ’നില്‍’ കവിതകളുടെ വായന

December 18, 2023
Google News 18 minutes Read
Anil poem collection The Absent Color book review

allegory / noun: a story, a poem, or picture that can be interpreted to reveal a hidden meaning, typically a moral or political one.

‘അഹം’ എന്ന ഭാവത്തെ നിരാകരിക്കുകയും ‘അപരത്വ’ത്തെ വിശാലാര്‍ഥത്തില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന പൊളിറ്റിക്കല്‍ അലിഗറിയാണ് അനില്‍കുമാര്‍ പി.വി. യുടെ The Absent Color എന്ന സമാഹാരത്തിലെ കവിതകള്‍.
‘a/nil’ എന്ന് സ്വയം അടയാളപ്പെടുത്തുന്ന കവി സകല അവനവനിസത്തെയും അധികാരകേന്ദ്രീകരണത്തെയും ‘ഒന്നുമില്ലായ്മ’ യിലേക്ക് സന്നിവേശിപ്പിക്കുന്നു.’The Absent Color’ എന്ന നിറമില്ലായ്മയും ആത്യന്തികമായി എത്തിച്ചേരുന്നത് ഈ ശൂന്യതയിലേക്ക് തന്നെയാണല്ലോ! (Anil poem collection The Absent Color book review)


‘The Absent Color is an authentic miracle’ എന്ന് വിശ്വവിഖ്യാത തത്വചിന്തകന്‍ സിസക്കും ‘which has read everyone, but imitates no one’ എന്ന് കവി ശര്‍മിഷ്ട മോഹന്റിയും കവിതാസമാഹാത്തെ വിലയിരുത്തുന്നത് കവിതകള്‍ സംവേദനം ചെയ്യുന്ന കൃത്യവും വ്യക്തവുമായ രാഷ്ട്രീയതലത്തെ മുന്‍നിര്‍ത്തി തന്നെയാണ്.

Read Also : ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

പുസ്തകത്തിന്റെ ആമുഖമെന്നോണം അനില്‍ എഴുതുന്ന വരികള്‍ക്ക് പോലും ഒരു കവിതയുടെ ആഴവും ആയവുമുണ്ട്. ‘I’m not a potentiality for something. I’m fully that which I’m’ എന്ന് ഫ്രാന്‍സ് ഫാനോന്റെ ഭാഷയില്‍ സ്വയമടയാളപ്പെടുത്തുന്ന കവി തന്റെ സ്വത്വത്തെ ഒരുപോലെ ലഘൂകരിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്നു. ഐറിഷ് കവിയും നോവലിസ്റ്റുമായ ജെയിംസ് ജോയ്‌സിന്റെ വരികള്‍ കടം കൊണ്ട് ‘History is a nightmare from which I’m trying to awaken’ എന്ന് ഭൂതകാലത്തില്‍ നിന്നും കുതറിയെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന കവിയില്‍ അദൃശ്യവല്‍ക്കരിക്കപെട്ട മുഴുവന്‍ ജനതയുടെയും ‘ചരിത്രമെന്ന പേടിസ്വപ്ന’ത്തെ കണ്ടെടുക്കാനാകും. കാലങ്ങളായി തുടര്‍ന്ന് പോരുന്ന സാമ്പ്രദായിമായ എഴുത്തുരീതിയും കാവ്യഭാഷയുമല്ല ഈ കവിതകളില്‍. വ്യവസ്ഥയെ അഴിച്ചുപണിത് ഭാവുകത്വപരമായ പുനരുത്ഥാനം നടത്തുക എന്ന പ്രക്രിയ അബോധതലത്തില്‍ തന്നെ അനിലിന്റെ കവിതകള്‍ നിര്‍വഹിക്കുന്നുണ്ട്. കവിതയെ ദളിത് കവിത, ക്വീര്‍ കവിത, ഗോത്രകവിത എന്നിങ്ങനെ കള്ളിത്തിരിക്കുന്ന രീതിയെ പുനര്‍പരിശോധിക്കുകയും ‘എന്താണ് നല്ല കവിത?’ എന്ന എക്കാലത്തെയും വ്യര്‍ഥമായ ചോദ്യത്തെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്നു ഈ കവിതകള്‍. ഭാഷയിലും പ്രമേയസ്വീകരണത്തിലും രൂപബോധത്തിലും പ്രകടമാകുന്ന സമീപനവ്യത്യാസമാണ് സാമാന്യമായ അര്‍ഥത്തില്‍ നവീകരണം.

കാലത്തിനനിവാര്യമായ മേല്പറഞ്ഞ നവീകരണം ഈ സമാഹാരത്തിലെ കവിതകളില്‍ കണ്ടെടുക്കാം.’The Absent Colour’ ല്‍ ഐസെന്‍സ്‌റ്റൈനും തര്‍ക്കോവ്‌സ്‌കിയും അംബേദ്കറും ഗാന്ധിയുമുണ്ട്. മാര്‍ക്‌സും ഹെഗലുമുണ്ട്. ജെയിംസ് ജോയ്‌സും ഈഡിപ്പസും ‘അപ്രസക്തമായ’ സ്ത്രീകളുടെ ഓര്‍മ്മകളും തുറവികളുമുണ്ട്. കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഉത്തരമില്ലാ ചോദ്യങ്ങളെ നിരവധിയായി പെരുപ്പിക്കുന്നുണ്ട് അനിലിന്റെ കവിതകള്‍. ‘Refracted Question’ എന്ന കവിത അവസാനിക്കുന്നത് തന്നെ ‘The question si What is the shape of the question that is past?’ എന്നാരാഞ്ഞുകൊണ്ടാണ്.

ഹിന്ദുത്വ കള്‍ചറല്‍ ഹെജിമണി ശക്തിപ്പെട്ടുവരുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അംബേദ്കറാശയങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയും ഗാന്ധിയനാദര്‍ശങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നു ഈ കവിതകള്‍. അത് ഹിന്ദുത്വ അജണ്ടകള്‍ക്കനുസൃതമായി പൊളിച്ചെഴുതുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന ചരിത്രത്തെ പ്രതിചരിത്രാത്മകമായി പരിശോധിക്കാന്‍ ധൈര്യപ്പെടുന്നു.
‘The Hate song of sand Piper strong’ എന്ന കവിത വായിക്കൂ…
‘Ahem
Does cold blooded murder
Evoke our reptilian past?’
എന്ന വരികളില്‍ ചെന്ന് തൊട്ടു പൊള്ളൂ…
ഭാഷക്കുള്ളില്‍ മറ്റൊരു ഭാഷയും കവിതക്കുള്ളില്‍ മറ്റൊരു കവിതയും ഒളിപ്പിച്ചുകൊണ്ടാണ് കവി കാലത്തോട് സംവദിക്കുന്നത്. അതില്‍ അധീശത്വ പ്രത്യയശാസ്ത്രങ്ങളോടുള്ള കലഹവും സമൂഹത്തിന്റെ ‘മുഖ്യധാര’യെന്ന് നാം വ്യവഹരിക്കുന്ന ഇടങ്ങളോടുള്ള വിമുഖതയുമുണ്ട്. മറിച്ച്, ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളില്‍ പോലും കടന്നുവരാത്ത തിരസ്‌കൃതരുടെ ഭൂപടങ്ങളില്‍ നിന്നുകൊണ്ടുള്ള നോട്ടവും ചരിത്രത്തെ വിശകലനം ചെയ്യലും ചട്ടക്കൂടുകളുടെ തകര്‍ക്കപ്പെടലുമാണ് ‘The Absent Colour’.
‘Memory is a rising damp of flesh and blood ‘ എന്ന് കോറിയിടുമ്പോഴും ‘I’m not a poet like me’ എന്നാവര്‍ത്തിക്കുമ്പോഴും
Robert Southey യുടെ ‘The Scholar’ എന്ന കവിയുടെ ഒടുവുപോലെ

Yet leaving here a name, i trust
That will not perish in the dust.’
എന്ന പ്രതീക്ഷ തന്നെയാണ് a/nil ന്റെ ‘ The Absent Color’. അതില്‍ നിശ്ചയമായും മറവിക്കെതിരെ ഓര്‍മകള്‍ കൊണ്ടുള്ള പ്രതിരോധവും മറകള്‍ക്കെതിരെ തുറവികള്‍ കൊണ്ടുള്ള പ്രതിഷേധവുമുണ്ട്.

മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയാണ് ലേഖിക.

Story Highlights: Anil poem collection The Absent Color book review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here