Advertisement

എന്‍ എച്ച് 66 പണി പൂത്തിയാകുന്ന ഭാഗങ്ങള്‍ തുറന്നു തല്‍കുന്നത് എന്‍എച്ച്എഐ പരിശോധിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

January 22, 2024
Google News 4 minutes Read
NHAI to inspect opening of completed parts of NH 66 says Minister Muhammed Riyas

ദേശിയ പാത – 66ല്‍ പണി പൂര്‍ത്തിയാകുന്ന ഭാഗങ്ങള്‍ തുറന്ന് കൊടുക്കുന്നത് എന്‍ എച്ച് എ ഐ പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം മുഴുവന്‍ കഴിയാന്‍ കാത്ത് നില്‍ക്കാതെ, പൂര്‍ത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്‌ട്രെച്ചുകളും നാടിന് സമര്‍പ്പിക്കണമെന്ന് എന്‍ എച്ച് എ ഐയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു . കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളികളെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം മന്ത്രി മാധ്യമങ്ങളെ അറിയിച്ചതാണിത്. (NHAI to inspect opening of completed parts of NH 66 says Minister Muhammed Riyas)

തൃശൂര്‍ ജില്ലയില്‍ മാത്രം 205 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിത്. ജില്ലയില്‍ മാത്രമായി 1274. 34 കോടി രൂപയാണ് വികസനത്തിനായി സംസ്ഥാന സര്ക്കാര് ചെലവഴിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹോദരതുല്യ സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്. പാത കടന്നു പോകുന്ന ഓരോ മണ്ഡലത്തിലും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിവേദനങ്ങളായി എം എല്‍ എ മാരുടെ നേതൃത്വത്തില്‍ കൈപ്പറ്റി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തനമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്ന് ആരംഭിച്ച് കര്‍ണ്ണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കാണ് എന്‍ എച്ച് 66 എത്തിചേരുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ ആറ് വരിയായി സജ്ജമാവുന്ന പാത 2025 ഓടെ പൂര്‍ത്തിയാവുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, എസ് എല്‍ പുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയത്.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

തിങ്കളാഴ്ച രാവിലെ കോഴിക്കോട് നിന്നാണ് പരിശോധന ആരംഭിച്ചത്. ജില്ലയില്‍ തൊണ്ടയാട് ഫ്‌ലൈ ഓവര്‍ നിര്‍മ്മാണ പ്രവര്‍ത്തി മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ദേശീയപാത നിര്‍മ്മാണത്തില്‍ എവിടെയൊക്കെ തടസ്സങ്ങള്‍ ഉണ്ടോ അതെല്ലാം നീക്കാന്‍ ഇടപെടുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. തൊണ്ടയാട് മേല്‍പ്പാലം മാര്‍ച്ച് ആദ്യം പണിതീര്‍ത്ത് നാടിന് സമര്‍പ്പിക്കും. രാമനാട്ടുകര ഫ്‌ലൈ ഓവറും മാര്‍ച്ച് ആദ്യം തുറന്നു കൊടുക്കും. പാലോളി മൂരാട് പാലങ്ങളും ഇതിന്റെ ഭാഗമായി വേഗത്തില്‍ പണിതീര്‍ത്ത് തുറന്നുകൊടുക്കും.

കോഴിക്കോട് ജില്ലയില്‍ ദേശീയപാത വികസനത്തിനായി 150 . 5 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനായി 415 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. അഴിയൂര്‍ വെങ്ങളം റീച്ച് 35% പ്രവര്‍ത്തി പൂര്‍ത്തിയായി. വെങ്ങളം രാമനാട്ടുകര കോഴിക്കോട് ബൈപ്പാസ് 60 ശതമാനത്തോളം പണി പൂര്‍ത്തീകരിച്ചു. കോഴിക്കോട് ബൈപ്പാസ് 2025ലെ പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കും ദേശീയപാത അതോറിറ്റിക്ക് കേരളത്തില്‍ ആസ്ഥാനം മന്ദിരം നിര്‍മിക്കാന്‍ 25 സെന്റ് സ്ഥലം തിരുവനന്തപുരത്ത് അനുവദിച്ചതായും കോഴിക്കോട് അറിയിച്ചു.

മലപ്പുറം ജില്ലയില്‍ പാണമ്പ്ര വളവ്, കൂരിയാട് ജംഗ്ഷന്‍, പാലച്ചിറമാട് വളവ്, വട്ടപ്പാറ വളവ്, കുറ്റിപ്പുറം പാലം, ചമ്രവട്ടം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തിന് 203.68 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ 203.41 ഹെക്ടറും ഏറ്റെടുത്തു. അതായത് ജില്ലയില്‍ 99.87 ശതമാനം ഭൂമി ഏറ്റെടുത്തു. ജില്ലയില്‍ 878 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.

വിവിധ ജില്ലകളില്‍ എം എല്‍ എ മാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ ടീ ജലീല്‍ , പി നന്ദകുമാര്‍ , മുരളി പെരുനെല്ലി , സി. സി. മുകുന്ദന്‍, എന്‍ കെ അക്ബര്‍, വി. ആര്‍. സുനില്‍കുമാര്‍, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, നാഷണല്‍ ഹൈവേ അതോറിറ്റി കേരള റീജിയണല്‍ ഓഫീസര്‍ ബി. എല്‍. മീണ, നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ, ജില്ലാ കലക്ടര്‍മാര്‍ , മറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Story Highlights: NHAI to inspect opening of completed parts of NH 66 says Minister Muhammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here